മഴക്കെടുതി: മുഖ്യമന്ത്രി മലപ്പുറത്തേക്ക്; അഞ്ചുപേർ മരിച്ച ടി.കെ കോളനി സന്ദർശിക്കും

തിരുവനന്തപുരം: മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനി മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.

അതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. ടി.കെ നഗറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രണ്ടുപേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒഴുക്കിൽപ്പെട്ടവരിൽ പ്രദേശവാസി സജിതയെ കൂടി കണ്ടെത്താനുണ്ട്.

വണ്ടൂർ സ്വദേശി സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നേരത്തെ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഫയർഫോഴ്സ്, പോലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് പുഴയിലും അനുബന്ധ പ്രദേശങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്നത്. ഒഴുക്കിൽപ്പെട്ട 27 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

കോട്ടയം ഈരാറ്റുപേട്ടയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് യുവതി മരിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിലാണ് അപകടം. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു.

പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരൻ മരിച്ചു. ജോസഫാണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെടുത്തു.

ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മന് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം. ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന തട്ടുതട്ടായ കൃഷിയിടത്തിലെ ഷെഡിൽ ഇരിക്കുമ്പോൾ ഇവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹങ്ങളും പരിക്കേറ്റ മാരിയമ്മനെയും പുറത്തെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴയാണ്. കനത്ത മഴയെ തുടർന്ന് കൊട്ടക്കാമ്പൂർ-തട്ടാമ്പാറ റോഡിലെ പാലവും ഒലിച്ചുപോയി. പാലം പൂർണമായി തകർന്നതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മേഖല സന്ദർശിക്കാനെത്തിയ നൂറോളം വിനോദസഞ്ചാരികളും പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.

Tags:    
News Summary - Rain havoc: CM to visit Malappuram's TK Colony after 5 deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.