നെന്മേനി വനിതാ ഐ.ടി.ഐക്ക് ഭൂമി വാങ്ങൽ: 33.07 ലക്ഷം രൂപ പഞ്ചായത്ത് മുൻ സെക്രട്ടറി അടക്കമുള്ളവരിൽനിന്ന് തിരിച്ചു പിടിക്കണം

കോഴിക്കോട് : വയനാട് നെന്മേനി വനിതാ ഐ.ടി.ഐക്ക് കെട്ടിടം നിർമിക്കുന്നതിന് ഭൂമി വാങ്ങിയതിൽ സർക്കാരിനുണ്ടായ നഷ്‌ടമായ 33,07,191 രൂപ പഞ്ചായത്ത് മുൻ സെക്രട്ടറി അടക്കമുള്ളവരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ട്. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ടി.പി.ബാലഗോപാലൻ ഉൾപ്പടെ ഭരണസമിതി യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളിൽനിന്നും സർചാർജ് ഇനത്തിൽ ഈടാക്കുന്നതിന് സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം ശിപാർശ ചെയ്തിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണം തിരിച്ചടക്കുന്നതിനായി അംഗങ്ങൾക്ക് പഞ്ചായത്തിൽ നിന്നും കത്തുകൾ നൽകിയിരുന്നു. എന്നാൽ, നാളിതു ആരും പണം തരിച്ചടിച്ചിട്ടില്ല. ഈ ഇനത്തിൽ സർക്കാരിനുണ്ടായ നഷ്ടം തിരികെ ഈടാക്കുന്നതിനായി റവന്യൂ റിക്കവറി ഉൾപ്പടെയുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് ധനകാര്യ റിപ്പോർട്ടിലെ ശിപാർശ.

ഗ്രാമപഞ്ചായത്തിലെ 2012 മാർച്ച് 17ലെ ഭരണ സമിതി തീരുമാനപ്രകാരമാണ് പി.കെ. പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം വനിതാ ഐ.ടി.ഐ നിർമാണത്തിന് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചത്. വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഡെപ്യൂട്ടി ഡയറക്ടർ സ്ഥല പരിശോധനയും ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും നടത്തി. സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകി.

കലക്ടറുടെ വിലനിർണയ സാക്ഷ്യപത്രം പ്രകാരം കരഭൂമിക്ക് സെൻറ് ഒന്നിന് 11,400 രൂപ വിലയുള്ളതായി സാക്ഷ്യപ്പെടുത്തി. എന്നാൽ ഈ വിലക്ക് ഭൂമി നൽകാൻ ഭൂവുടമ വിസമ്മതിച്ചതിനാൽ ചർച്ച നടത്തി വിലനിർണയ സാക്ഷ്യപത്രത്തിലെ വിലയുടെ 30 ശതമാനം അധിക വിലയായ സെൻറ് ഒന്നിന് 14,820 രൂപ നിരക്കിൽ ഭൂമി വാങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇത് പ്രകാരം ഭൂമി വാങ്ങി. ഈയിനത്തിൽ പഞ്ചായത്തിന് രജിസ്ട്രേഷൻ ചെലവ് ഉൾപ്പെടെ ആകെ 33,67,191 രൂപ ചെലവായി.

നെന്മേനി ഗ്രാമപഞ്ചായത്തിൻറെ 2013 ഫെബ്രുവരി 23ലെ ഭരണ സമിതി തീരുമാനപ്രകാരം ഈ സ്ഥലം കെട്ടിട നിർമാണത്തിനായി വ്യാവസായിക വകുപ്പിനോ സർക്കാരിനോ വിട്ടുനൽകാൻ തീരുമാനിച്ചു. അനുമതിക്കായി തദ്ദേശ വകുപ്പിന് അപേക്ഷ നൽകി. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ (ആർ.സി) വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു.

എന്നാൽ, പി.ഡബ്ല്യു.ഡി ചീഫ് ആർകിടെക്ട് നടത്തിയ സ്ഥല പരിശോധനയിൽ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം നിർമാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയറെ ഇക്കാര്യം അറിയിച്ചു. തുടർന്ന് വിവരം എക്സിക്യൂട്ടിവ് എഞ്ചിനീയർ ഐ.ടി.ഐ പ്രിൻസിപ്പാളിനെയും പഞ്ചായത്തിനെയും അറിയിച്ചു. നിർമാണത്തിനായി മറ്റൊരു സ്ഥലം കണ്ടെത്താനും നിർദേശിക്കുകയും ചെയ്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസവും തൊഴിലും ഉദ്ദേശിച്ചുള്ള വനിതാ ഐ.ടി.ഐ 2008 മുതൽ സർക്കാർ നിർദേശിച്ചിട്ടുള്ള യാതൊരു മാനദണ്ഡവും പാലിക്കാതെ അസൗകര്യങ്ങൾക്ക് നടുവിലാണ് പ്രവർത്തിക്കുന്നത്. ഇത് കട്ടികളുടെ തൊഴിൽപരമായ പ്രാവീണ്യത്തെ ബാധിക്കുകയാണ്. ഐ.ടി.ഐ-യുടെ അഫിലിയേഷൻ തന്നെ നഷ്ടപ്പെടുന്നതിന് ഇത് കാരണമാകും. അതിനാൽ ഭരണ വകുപ്പ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Land purchase for Nenmeni Women's ITI: Rs 33.07 lakh to be recovered from ex-secretary of panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.