കോണ്‍ഗ്രസില്‍ ഐക്യമില്ലെന്നത് വ്യാജ പ്രചാരണം- കെ.സി. വേണുഗോപാല്‍

കാസർകോട് : കോണ്‍ഗ്രസില്‍ ഐക്യമില്ലെന്നത് മാധ്യമങ്ങളുടെ വ്യാജ പ്രചാരണമാണെന്നും അതില്‍ അണികള്‍ വീഴരുതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കാസർകോട് ഡി.സി.സിയിലെ വാര്‍ഡ് പ്രസിഡന്റ്മാരുടെ സമ്മേളനവും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എ.ല്‍എയുമായ കെ.പി. കുഞ്ഞിക്കണ്ണന്റെ അനുസ്മരണവും കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ആഗ്രഹം സി.പി.എമ്മും പിണറായി വിജയനും മനസില്‍ വച്ചാല്‍ മതിയെന്നും വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതില്‍ പിണറായി സര്‍ക്കാരിന് സർവകാല റെക്കോര്‍ഡാണ്. സി.പി.എം കള്ളവോട്ട് ചെയ്യാന്‍ ഏല്‍പ്പിച്ചവന്‍ പോലും യു.ഡി.എഫിന് വോട്ട് ചെയ്യുന്ന കാലമാണിത്.

കേരള ജനമനസാക്ഷി എൽ.ഡി.എഫ് സര്‍ക്കാരിനെതിരാണ്. കൊലയാളികളെ സംരക്ഷിക്കാന്‍ പണം ചെലവാക്കുന്ന ഭരണം കേരളത്തിന് ആവശ്യമില്ല. ശരത് ലാലിന്റെയും കൃപേഷിന്റേയും കേസിലെ പ്രതികള്‍ക്ക് വേണ്ടി രണ്ട് കോടി രൂപ പിരിക്കുകയാണ് സി.പി.എം. പ്രതികള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കി.

അടിസ്ഥാന ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് പണമില്ലാത്ത സര്‍ക്കാരാണ് കൊലപാതികളെ സംരക്ഷിക്കാന്‍ പണം ചെലവാക്കുന്നത്. അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് സി.പി.എം നടത്തുന്നത്.എത്രയൊക്കെ വിഭജിച്ചാലും ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണ്. സി.പി.എമ്മിന്റെ കോട്ടയില്‍ പോലും ജനം യു.ഡി.എഫിന് വോട്ട് ചെയ്യുന്നു.

കൃപേഷിന്റേയും ശരത് ലാലിന്റെയും ഘാതകരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രതികാരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അവരെ പിന്തുണക്കുന്ന ഈ സി.പി.എമ്മിനെ കേരളത്തിന്റെ അധികാരകസേരിയില്‍ നിന്ന് തുരത്തിയോടിക്കുകയെന്നതാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ പരമാവധി പഞ്ചായത്തുകളില്‍ യു.ഡി.എഫിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. മുകളില്‍ നിന്ന് കെട്ടിയിറക്കുന്ന സ്ഥാനാർഥികള്‍ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. ജയം മാനദണ്ഡമാക്കി വാര്‍ഡ് കമ്മിറ്റികളില്‍ നിന്ന് സ്ഥാനാർഥികളെ കണ്ടെത്തണം.

ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്കിറങ്ങണം. വീടുകള്‍ കയറി പ്രചരണം നടത്തണം. വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധനവ്, റേഷന്‍ പ്രതിസന്ധി തുടങ്ങി പിണറായി സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ജനദ്രോഹ നടപടികള്‍ താഴെത്തട്ടില്‍ ജനങ്ങളിലെത്തിക്കുന്ന സന്ദേശവാഹകരാകണം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും. സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന സംവാദത്തിന്റെ അംബാസിഡര്‍മാരായി ഓരോരുത്തരും മാറണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

യഥാർഥ ശത്രുവിനെ മനസിലാക്കി ഒറ്റക്കെട്ടായി കോണ്‍ഗ്രസ് ഒരുമിച്ച് നിന്നാല്‍ മോദിയെയും പിണറായിയെയും തോല്‍പ്പിക്കുക നിസാരം. മോദിയും പിണറായിയും ഒരേശൈലി പിന്തുടരുന്നവരാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പൊതുശത്രു കോണ്‍ഗ്രസാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തിന്മയുടെ മുഖം ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കണം.

ഒരു വര്‍ഷത്തേക്കുള്ള പരിപാടികള്‍ എഐസിസി തീരുമാനിച്ചിട്ടുണ്ട്. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീടുകള്‍ കയറി ഇറങ്ങിയുള്ള പദയാത്രകളാണ് ഈ കാലയളവില്‍ നടക്കുക. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാ പ്രതിസന്ധി ഘട്ടത്തിലും കരുത്ത് പകര്‍ന്ന നേതാവായിരുന്നു കെ.പി. കുഞ്ഞിക്കണ്ണനെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു സ്മാരകം പാര്‍ട്ടി ഓഫിസില്‍ നിർമിക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. 

Tags:    
News Summary - Lack of unity in Congress is fake propaganda- K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.