കെ.​വി. ര​ശ്മി മോ​ൾ

പുറമറ്റം പഞ്ചായത്തിൽ കെ.വി. രശ്മി മോൾ വൈസ് പ്രസിഡന്‍റ്; എൽ.ഡി.എഫിന് ഭരണം പോയി

മല്ലപ്പള്ളി: പുറമറ്റം പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റായി യു.ഡി.എഫിലെ കെ.വി. രശ്മിമോൾ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടിനാണ്‌ രശ്മിമോൾ വിജയിച്ചത്.

ഇതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ എൽ.ഡി.എഫ് വൈസ് പ്രസിഡന്‍റായിരുന്ന ശോശാമ്മ തോമസ് പുറത്തായതിനെ തുടർന്നാണ് പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. പുറത്തായ ശോശാമ്മ തോമസ് തന്നെയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. രശ്മിമോളുടെ പേര് ഗ്രാമപഞ്ചായത്ത് അംഗം വിനീത് കുമാർ നിർദേശിച്ചു. ജോളി ജോൺ പിന്താങ്ങി. ശോശാമ്മ തോമസിന്‍റെ പേര് ഗ്രാമപഞ്ചായത്ത് അംഗം കെ.ഒ. മോഹൻദാസ് നിർദേശിച്ചു.

സാബു ബെഹനാൻ പിന്താങ്ങി. പഞ്ചായത്ത്‌ പ്രസിഡന്‍റ് സൗമ്യ ജോബി ഉൾപ്പെടെ ഏഴ് യു.ഡി.എഫ് അംഗങ്ങളുടെ വോട്ടുകൾ രശ്മിമോൾക്ക് ലഭിച്ചു. നേരത്തേ സ്വതന്ത്രയായി വിജയിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ ജോബിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം തികയാത്തതിനാൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് പ്രസിഡന്‍റ് യു.ഡി.എഫിനൊപ്പം ചേർന്നിരുന്നു.

വൈസ് പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫിന് ലഭിച്ചതോടെ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇതേരീതിയിൽ നാല് യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി. എഫിനോട്‌ ചേർന്ന് അവിശ്വാസത്തിൽ കൂടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് ആയിരുന്ന വിനീത് കുമാറിനെ പുറത്താക്കി എൽ.ഡി.എഫ് ഭരണം പിടിച്ചിരുന്നു.

രണ്ടുവർഷത്തിനുശേഷം സമാനമായ രീതിയിലാണ് ഇപ്പോൾ യു.ഡി.എഫിന് ഭരണം ലഭിച്ചത്.സംഘർഷ സാധ്യത ഉള്ളതിനാൽ യു.ഡി.എഫ് അംഗങ്ങൾ നൽകിയ ഹരജിയെ തുടർന്ന് ഹൈകോടതി ഉത്തരവ് പ്രകാരം യു.ഡി.എഫ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു.പുല്ലാട് അസി. ഡയറക്ടർ ഓഫ് അഗ്രിക്കൾചർ അമ്പിളിയായിരുന്നു റിട്ടേണിങ് ഓഫിസർ. 

Tags:    
News Summary - KV Rashmi Mol Vice President; LDF lost power In Puramattam panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.