ഏഷ്യാനെറ്റ്​ ഓഫിസ്​ ആക്രമണം: കെ.യു.ഡബ്ല്യു.​ജെ അപലപിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജനൽ ഓഫിസിലേക്ക് അതിക്രമിച്ച് കയറി ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ നടപടിയെ കേരള പത്രപ്രവർത്തക യൂനിയൻ അപലപിച്ചു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമസ്ഥാപനത്തിന്‍റെ ഓഫിസിനുള്ളിൽ അതിക്രമിച്ചുകയറി അവിടത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണെന്ന് കെ.യു.ഡബ്ല്യു.​ജെ ഭാരവാഹികൾ പറഞ്ഞു.

കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്. കുറ്റക്കാർക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി വാർത്ത ബ്യൂറോ പ്രവർത്തിക്കുന്ന പാലാരിവട്ടത്തെ റീജനൽ ഓഫിസിലേക്കായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ച്​. വെള്ളിയാഴ്ച വൈകീട്ട് ഏഴേമുക്കാലോടെ മുപ്പതോളം പ്രവർത്തകർ ഓഫിസിൽ അതിക്രമിച്ചുകയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന്​​ ഏഷ്യാനെറ്റ്​ ന്യൂസ്​ അധികൃതർ അറിയിച്ചു. ഓഫിസിനുള്ളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും​ ചെയ്തതായും അവർ പറഞ്ഞു. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.

ഏഷ്യാനെറ്റ് ന്യൂസിലെ മയക്കുമരുന്നിനെതിരായ വാര്‍ത്ത പരമ്പരയുമായി ബന്ധപ്പെട്ട്​ പൊലീസ് അന്വേഷണം നടക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധ പ്രചാരണം നടന്നു. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു മാർച്ച്​.

സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റെസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി. നായർ പാലാരിവട്ടം പൊലീസിൽ പരാതിനൽകി. കേസെടുക്കുമെന്ന്​ പാലാരിവട്ടം​ പൊലീസ്​ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി ഓഫിസിലേക്ക് പ്രവർത്തകർ അതിക്രമിച്ചുകടന്നതിന്‍റെ സി.സി ടി.വി ദൃശ്യങ്ങളുൾപ്പെടെയുള്ളവ ഏഷ്യാനെറ്റ്​ പുറത്തുവിട്ടു. 

Tags:    
News Summary - KUWJ Condemns Asianet News Office protest of SFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.