തൃശൂര്‍: കുതിരാന്‍ തുരങ്ക നിർമാണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. കഴിഞ്ഞ മഴക്ക് തുരങ്കത്തിൽ ചോര്‍ച്ചയുണ്ടായതിനെ തുടർന്ന് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസോസിയേഷൻ സെക്രട്ടറി പി.ബി. സതീഷ് നൽകിയ പരാതിയിലാണ് സി.ബി.ഐ നടപടി. സതീഷിനെ കഴിഞ്ഞ ദിവസം കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്ഥലത്തെത്തിയുള്ള പരിശോധന അടുത്ത ദിവസമുണ്ടാകുമെന്ന് പരാതിക്കാരനെ സി.ബി.ഐ അറിയിച്ചു. കുതിരാൻ തുരങ്കനിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അന്വേഷണം തുടങ്ങിയിരുന്നു.
ഇതുസംബന്ധിച്ച് കലക്ടറിൽനിന്ന് കഴിഞ്ഞ ദിവസം വിശദീകരണം തേടിയുള്ള നിർദേശം നൽകിയതിന് പിന്നാലെയാണ് സി.ബി.ഐയും അന്വേഷണത്തിലേക്ക് കടക്കുന്നത്. കരാർ വ്യവസ്ഥകൾ പാലിക്കാതെയാണ് തുരങ്കവും ദേശീയപാത നിർമാണവും നടത്തിയതെന്ന് ഹൈകോടതി നിയോഗിച്ച കമീഷൻ കണ്ടെത്തിയിരുന്നു. 230 കോടിക്കാണ് തുരങ്ക നിർമാണത്തിന് കരാർ നൽകിയത്. പരിസ്ഥിതി ആഘാതമുണ്ടാക്കാതെ ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് മല തുരന്ന് തുരങ്കം നിർമിക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ കോടതി, കേന്ദ്ര -സംസ്ഥാന സർക്കാർ ഉത്തരവുകളും വനം-പരിസ്ഥിതി നിയമങ്ങളും നഗ്നമായി ലംഘിച്ച് പാറ പൊട്ടിച്ചെടുത്തായിരുന്നു തുരങ്ക നിർമാണം. സ്ഫോടനങ്ങൾ നടത്തിയതിൽ അഞ്ച് കിലോമീറ്റർ അകലെവരെ മലയും വീടുകളും കുലുങ്ങി. വീടുകൾക്കടക്കം വൻ നാശനഷ്ടങ്ങൾ ഉണ്ടായതിനെ തുടർന്ന് വിഷയം കോടതി കയറുകയും തുടർന്ന് മൂന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. ഇതിന്റെയടക്കം രേഖകളും നിർമാണഘട്ടങ്ങളുടെ ദൃശ്യങ്ങൾ അടക്കമുള്ളവയും പരാതിക്കാരൻ സി.ബി.ഐക്ക് കൈമാറി.
തുരങ്കത്തിന്റെ സുരക്ഷ മാനദണ്ഡങ്ങളും തുറന്നുനൽകാനുള്ള അനുബന്ധ സുരക്ഷ പരിശോധന റിപ്പോർട്ടും നിർമാണത്തിന്റെ കരാർ വ്യവസ്ഥകളും വിദഗ്ധ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള സതീഷിന്റെ ഹരജി ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുന്നത്. മണ്ണുത്തി -വടക്കഞ്ചേരി ആറുവരിപ്പാത നിർമാണത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ ദേശീയപാത അതോറിറ്റി മുൻ ഇംപ്ലിമെന്റേഷൻ പ്രോജക്ട് ഡയറക്ടർ ബിഥില വേണുഗോപാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും തുടർന്ന് മൂന്നുവർഷം കഠിന തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മറ്റൊരു കുറ്റപത്രവും സി.ബി.ഐ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും പരാതിയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് സി.ബി.ഐ അതിവേഗം കുതിരാനിൽ അന്വേഷണത്തിലേക്ക് കടക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.