കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദുമ എം.എൽ.എ കെ കുഞ്ഞിരാമൻ തദ്ദേശതിരഞ്ഞെടുപ്പിൽ‌ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തിൽ എം.എൽ.എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല. ആരേയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ആളല്ല കുഞ്ഞിരാമനെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എൻ.എ നെല്ലിക്കുന്ന് നൽകിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സർ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമാണുള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ കാസർകോട് ജില്ല കലക്‌ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ല. എന്നാൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ.സി ജോസഫ് പറഞ്ഞു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചത്. കാസർകോട്ടും കണ്ണൂരും വ്യാപക കള്ളവോട്ട് നടന്നുവെന്നും കെ.സി ജോസഫ് ആരോപിച്ചു.

വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്പീക്കർപറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

പ്രിസൈഡിങ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യനാണ്. തർക്കം തീർക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kunhiraman MLA is not man to threaten - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.