മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തീവ്രവാദത്തിന് ശക്തി പകരുന്നു -കുമ്മനം

തിരുവനന്തപുരം: പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സി.പി.എമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചർച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നു. മുൻ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുൻപ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ അവ എങ്ങനെ വർഗ്ഗീയ പ്രശ്നമായെന്ന്​ സി.പി.എമ്മും കോൺഗ്രസും വ്യക്തമാക്കണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫലത്തിൽ തീവ്രവാദത്തിന് ശക്തി പകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും കുമ്മനം പറഞ്ഞു.

കുമ്മനം രാജശേഖരൻ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

നഗ്ന യാഥാർത്ഥ്യം ധീരമായി വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണ്.

പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് തന്‍റെ സഭയിൽപെട്ട വിശ്വാസികളുടെ ഉൽക്കണ്ഠയും വേദനയുമാണ്. സഭയുടെ വികാരം മനസിലാക്കാനും വിഷയം ചർച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നു. മറിച്ചു ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലർത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

പ്രശ്നം പരിഹരിക്കുകയല്ലാ , പ്രശ്നം ഉന്നയിച്ചവവരെ പ്രതിക്കൂട്ടിലാക്കി പകവീടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ലൗ ജിഹാദ് വിഷയം കേരളത്തിൽ ആദ്യമായല്ല ഉയരുന്നത്. മുഖ്യമന്ത്രിയായിരിക്കെ വി.എസ് .അച്യുതാനന്ദൻ ലൗ ജിഹാദിന്‍റെ അപകടമായ പ്രത്യാഘാതങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 ജനുവരി 14 ന് കൊച്ചിയിൽ ചേർന്ന സീറോ മലബാർ സഭാ സിനഡ് യോഗം ലൗ ജിഹാദ് മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ വളർന്നു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഐ.എസിലേക്ക് റിക്രൂട്ട ചെയ്യപ്പെട്ടവരിൽ പകുതിയും ക്രൈസ്തവരാണെന്നു തെളിവ് സഹിതം സഭാ സിനഡ് പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുകയുണ്ടായി.

മുൻ മുഖ്യമന്ത്രി അച്യുതാനന്ദനും സീറോ മലബാർ സഭാ സിനഡും വർഷങ്ങൾക്ക് മുൻപ് പറഞ്ഞ അതേ കാര്യം പാലാ ബിഷപ്പ് ഇപ്പോൾ പറഞ്ഞപ്പോൾ അവ എങ്ങനെ വർഗീയ പ്രശ്നമായെന്നു സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കണം. ലൗ -നാർക്കോട്ടിക് ജിഹാദ് വിഷയത്തിലുള്ള ബിഷപ്പിന്‍റെ വെളിപ്പെടുത്തൽ ഒരു തരത്തിലും വർഗീയത വളർത്താൻ ഇടയാക്കിയില്ല. കാരണം പ്രണയം നടിച്ചും മയക്കു മരുന്ന് നൽകിയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് മതസ്പർദ്ധ ഉണ്ടാക്കുന്ന സാമൂഹ്യവിപത്തും തിന്മയുമാണ്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമാണിത്. മയക്കുമരുന്നിനെ മതവുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്ന് പ്രസ്താവിക്കുന്ന മുഖ്യമന്ത്രി തന്നെ മയക്കുമരുന്നിനെ മതവുമായി കൂട്ടിക്കെട്ടി പാലാ ബിഷപ്പിനെ ആഞ്ഞുപ്രഹരിക്കുകയാണ്. വസ്തുതകളെ തമസ്ക്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ലൗ ജിഹാദിനെയും മയക്കുമരുന്നു ജിഹാദിനെയും വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫലത്തിൽ തീവ്രവാദത്തിന് ശക്തി പകരുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രണയം, മയക്കുമരുന്ന് തുടങ്ങിയ പ്രലോഭനങ്ങൾ വഴി മതം മാറ്റുന്നതിന്‍റെ പ്രത്യാഘാതത്തെക്കുറിച്ച് ഒരു പൊതു ചർച്ച നടത്താൻ ഈ നേതാക്കൾ തയ്യാറാകുന്നില്ല. പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചയോ ആശയ സംവാദമോ അല്ല പ്രശ്നം ഉന്നയിച്ചവരെ ചെളി വാരിയെറിഞ്ഞ് വിഷയം തമസ്കരിക്കുകയാണ് സിപിഎമ്മിന്‍റെയും കോൺഗ്രസിന്റെയും ലക്ഷ്യം.

Tags:    
News Summary - Kummanam Rajasekharan supports pala bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.