തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കേരളത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലുറച്ച് പൊലീസ്. നാളെ ദേശീയ പട്ടിക ജാതി, പട്ടിക വർഗ കമ്മിഷന് മുന്നിൽ ഡി.ജി.പി റാവാഡ ചന്ദ്രശേഖർ നേരിട്ട് ഹാജരായി ഇക്കാര്യം അറിയിക്കും. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി കേരളത്തിൽ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയാറാണെന്നും ഡി.ജി.പി കമ്മിഷനെ അറിയിക്കും.
മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ വൈറലായ മൊണാലിസ ഭോസ്‌ലേ എന്ന പെൺകുട്ടിയുടെ വിവാഹം വലിയ വിവാദങ്ങൾക്കാണ് വഴിമാറിയിരിക്കുന്നത്. നടൻ ഫർമാൻ ഖാനുമായുള്ള വിവാഹത്തിന് പിന്നാലെ ഇവർക്കെതിരെ മധ്യപ്രദേശിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ വിഷയം സങ്കീർണമായി. വിവാഹസമയത്ത് മൊണാലിസക്ക് 18 വയസ് പൂർത്തിയായിരുന്നില്ലെന്നും ഏകദേശം 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമായിരുന്നു ആരോപണം. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്ത് നടന്ന ഇവരുടെ മിശ്രവിവാഹത്തിൽ സി.പി.എം നേതാക്കൾ പങ്കെടുത്തിരുന്നു.
മൊണാലിസ ഗർഭിണിയാണെന്നും അതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും ഫർമാൻ ഖാൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. വിവാഹം രാഷ്ട്രീയ ചർച്ചകൾക്കും ‘ലവ് ജിഹാദ്’ പോലുള്ള ആരോപണങ്ങൾക്കും ഇടയാക്കിയെങ്കിലും തങ്ങൾ സ്നേഹിച്ചാണ് വിവാഹം കഴിച്ചതെന്നും പ്രായപൂർത്തിയായവരാണെന്നുമാണ് ദമ്പതികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.