കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃക-വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കുടുംബശ്രീ ബാലസഭാംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെ ആഗോള മാതൃകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി . കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനതപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി'യുടെ ഉദ്ഘാടനവും സാന്ത്വനം വൊളണ്ടിയര്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതി സംരക്ഷണത്തില്‍ നേതൃത്വം വഹിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിലൂടെ കുടുംബശ്രീ സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്‍ മാലിന്യരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള ധീരമായ ചുവട്വയ്പ്പാണ്. ഇതിനു പിന്തുണ നല്‍കുന്നതിനായി കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 2023ല്‍ ആരംഭിച്ച ശുചിത്വോത്സവം ക്യാമ്പയിന്‍ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പരിവര്‍ത്തനാത്മകമാക്കാം എന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.വികെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള എല്ലാ മാലിന്യ ഭീഷണിയില്‍ നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കാന്‍ മാറ്റം നമ്മളില്‍ നിന്നു തന്നെ തുടങ്ങണമെന്നും അതിന് പ്രായം പ്രശ്നമല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇന്‍ഡ്യയിലെ പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തക കുമാരി ലിസി പ്രിയ കാങ്ജും പറഞ്ഞു.

കുട്ടികള്‍ തയ്യാറാക്കിയ 80 പ്രബന്ധ സമാഹാരത്തിന്‍റെ മലയാളം പതിപ്പിന്‍റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി.സുരേഷ് കുമാറിനും ഇംഗ്ളീഷ് പതിപ്പ് മുഖ്യാതിഥിയായ ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡെയ്ക്കും നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. വിഷയ വിദഗ്ധന്‍ ഡോ.സി.പി വിനോദ് ഉച്ചകോടി രൂപരേഖ അവതരിപ്പിച്ചു. ആശംസാ പ്രസംഗം നടത്തിയ കെ.എസ്.ഡബ്ളിയു.എം.പി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ലിസിപ്രിയ കാങ്ജും, റിഥിമ പാണ്ഡെ എന്നിവരെ ആദരിച്ചു. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ, മോഹന്‍ കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Kudumbashree Bala Sabha members are a global model of social work-V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.