കോഴിക്കോട്: പി.എം.ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദനെതിരെ വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ. അലസവും നിരുത്തരവാദപരവുമായൊരു പ്രസ്താവന അങ്ങയെപ്പോലൊരാളിൽ നിന്നും ഉണ്ടാവാൻ പാടില്ലായിരുന്നു എന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ വിരുദ്ധരുടെ കല്ലേറുകൾക്കൊപ്പം ഒരിക്കലും ചേരാൻ പാടില്ലായിരുന്നുവെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം പ്രകാരമുള്ള എൻ.സി.ഇ.ആർ.ടി മുന്നോട്ട് വെച്ച വർഗീയ അജണ്ടയിൽ നിന്നുള്ള എല്ലാ പാഠഭാഗങ്ങളും ധീരമായി തള്ളിക്കളഞ്ഞ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കുറിച്ചു.
ഈ തരത്തിലുള്ള കീഴടങ്ങൽ നടത്തുന്നതിലും നല്ലത് ഭരണം ഒഴിഞ്ഞുപോകലാണെന്നായിരുന്നു സച്ചിദാനന്ദൻ സംസ്ഥാന സർക്കാറിനെ വിമർശിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ പോലും ആ തരത്തിലുള്ള കീഴടങ്ങൽ നടത്താതിരിക്കണമെന്നും അതിലും നല്ലത് ഭരണം ഒഴിഞ്ഞുപോകലാണ്. അതാണ് ആത്മാഭിമാനമുള്ള സർക്കാർ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിദാനന്ദൻ പറഞ്ഞത്.
കെ.ടി. കുഞ്ഞിക്കണ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്
വളരെ ഖേദപൂർവ്വം
പ്രിയപ്പെട്ട സച്ചിമാഷോട് പറയട്ടെ,
ബിജെപിയുടെ ഏകാത്മദേശീയതക്കും കോർപ്പറേറ്റ് വികസനനയങ്ങൾക്കും ബദലുയർത്തി കൊണ്ടു മുന്നോട്ട് പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് വിസ്മരിച്ചു കൊണ്ടുള്ള ഇത്രയും അലസവും നിരുത്തരവാദപരവുമായൊരു പ്രസ്താവന അങ്ങയെപ്പോലൊരാളിൽ നിന്നും ഉണ്ടാവാൻ പാടില്ലായിരുന്നു. വിമർശനങ്ങൾക്കും ജാഗ്രതപ്പെടുത്തലുകൾക്കും പകരം കാര്യം മനസിലാക്കാതെയുള്ള ഇടതുപക്ഷ വിരുദ്ധരുടെ കല്ലേറുകൾക്കൊപ്പം താങ്കളെപ്പോലൊരാൾ ഒരിക്കലും ചേരാൻ പാടില്ലായിരുന്നുവെന്ന് പറയാതെവയ്യ...
ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് കൂടി അവകാശമുള്ള ക്രമസമാധാനം, കൃഷി, വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഫെഡറലിസത്തെ ഹനിക്കുന്ന കേന്ദ്ര സർക്കാറിന്റെ നീക്കങ്ങൾക്കിടയിലാണ് കേരളമതിന്റെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളും ബദൽ നയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. വളരെ സങ്കീർണ്ണമായ വെല്ലുവിളികളാണ് ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാറിന് മുന്നിൽ കോർപ്പറേറ്റ്ഹിന്ദുത്വ ഭരണകൂടം ഉയർത്തിയിരിക്കുന്നത്. സംസ്ഥാന വിഷയങ്ങളിലെല്ലാം സംസ്ഥാനങ്ങളോട് ആലോചിക്കാതെ കരാറുകളും നിയമനിർമ്മാണങ്ങളും തുടർച്ചയായി അടിച്ചേല്പിക്കുകയാണ് മോഡി സർക്കാർ...
ഭരണഘടനയുടെ സഹകരണാത്മക ഫെഡറലിസത്തെ തകർത്ത് കോർപ്പറേറ്റ് ഫെസറലിസത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കയാണ് മോഡിസർക്കാർ. പുത്തൻ വിദ്യാഭ്യാസനയവും കേന്ദ്രപദ്ധതികളുമെല്ലാം ഏകപക്ഷീയമായി അടിച്ചേല്പിച്ചതാണെന്നും അതിന്റെ വർഗിയവൽക്കരണ വാണിജ്യവൽക്കരണ അജണ്ടയെ ഒരു സംസ്ഥാന സർക്കാറിന്റെ പരിധിക്കകത്ത് നിന്ന് പ്രതിരോധിച്ചു കൊണ്ടാണ് കേരളം പൊതുവിദ്യാഭ്യാസ രംഗത്തെ വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുതെന്നവസ്തുതയും അങ്ങയ്ക്ക് എങ്ങിനെയാണ് കാണാതിരിക്കാനാകുന്നത്?
NEP പ്രകാരമുള്ള എൻ സി ഇ ആർ ടി മുന്നോട്ട് വെച്ച വർഗീയ അജണ്ടയിൽ നിന്നുള്ള എല്ലാ പാഠഭാഗങ്ങളും ധീരമായിതള്ളിക്കളഞ്ഞ സംസ്ഥാനമാണ് കേരളം. മുഗള ചരിത്രത്തെയും ഗാന്ധി വധത്തെയും സംബന്ധിച്ച എൻ സി ആർ ടി പാഠങ്ങൾ പഠിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത സർക്കാറാണ് കേരളത്തിലുള്ളത്. അതുകൊണ്ടൊക്കെ തന്നെയാണ് അർഹതപ്പെട്ട ഫണ്ടുകളും കേന്ദ്ര വിഹിതവും കേരളത്തിന് നിരന്തരം നിഷേധിച്ചു കൊണ്ടിരിക്കുന്നതും.
ഭരണഘടനയുടെയും നിയമങ്ങളുടെയും വ്യവസ്ഥകൾ നൽകുന്ന സാധ്യതകളെ സൂക്ഷ്മതലത്തിൽ കണ്ടെത്തി കേന്ദ്രനയത്തെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിച്ച് കേരളത്തിന്റെ ധനപരമായ വിഹിതം വാങ്ങിയെടുക്കുകയാണ് ഇക്കാലമത്രയും ഇടതുപക്ഷസർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. പിഎം ശ്രീയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും... സൈദ്ധാന്തിക പ്രതിപക്ഷമായിരിക്കുകയെന്നതല്ല കേരളത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാറിനെ നയിക്കുന്ന ഇടതുപക്ഷത്തിന്റെ സമീപനം കേന്ദ്ര ഭരണകൂട ഘടനയുടെ പരിമിതിക്കകത്ത് നിന്ന് കോർപ്പറേറ്റ് ഹിന്ദുത്വത്തെനയങ്ങളെ പ്രതിരോധിച്ച് പരമാവധി ജനകീയതാല്പര്യങ്ങളെ സംരക്ഷിച്ച് മുന്നോട്ട് പോകുകയെന്നതാണ്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.