പിഎഫ്ഐ നിരോധനം സ്വാഗതാർഹം; എന്തുകൊണ്ടാണ് 'പഴയ സിമിക്കാരൻ' എന്ന ചാപ്പ തനിക്കു മാത്രമെന്ന് കെ.ടി ജലീൽ

പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് മുൻമന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ.  ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു. 

'മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകിയതായും ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിൻ്റെ വെളിച്ചത്തിൽ പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സർക്കാർ നീക്കം സ്വാഗതാർഹമാണ്' - കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. 

ഹൈന്ദവ സമുദായത്തിൽ ഇതേ കാര്യങ്ങൾ ചെയ്യുന്ന ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു. ശശികല ടീച്ചർ ഉൾപ്പടെയുള്ള വർഗീയ വിഷം ചീറ്റുന്നവരെ ജയിലിലടക്കുകയും ചെയ്യണമായിരുന്നുവെന്നും അദ്ദേഹം എഴുതി.

"പഴയ സിമിക്കാരൻ" എന്ന ചാപ്പ തനിക്കുമേൽ മാത്രം ചാർത്തുന്നത് എന്തുകൊണ്ടാണെന്ന് പിടികിട്ടുന്നില്ലെന്നും അ​ദ്ദേഹം എഴുതി. ' കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും നടത്തി നിരവധി കേസുകളിൽ പ്രതിയായി, പിൽക്കാലത്ത് അതെല്ലാം ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പാർലമെൻ്റ് അംഗം വരെയായ ഫൂലൻദേവിയെ "പഴയ കൊള്ളക്കാരി" എന്ന് മുദ്രകുത്തി എന്തേ ആരും അപമാനിക്കാതിരുന്നത്? നേരത്തെ ആർ.എസ്.എസിലോ സംഘ് കുടുംബത്തിലോ പ്രവർത്തിച്ച് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച് മതേതര പാർട്ടികളിൽ എത്തിപെട്ടവർക്ക് "പഴയ സംഘി" എന്ന മേൽച്ചാർത്ത് എന്തേ ആരും പതിച്ചു നൽകാത്തത്?' -ജലീൽ ചോദിച്ചു.

നിരോധനം ഫലപ്രദമാകാൻ ഇന്ത്യയിലെ ഒരു പൗരനും അരക്ഷിതനാണെന്ന് വരാതെ നോക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം എഴുതി. ഏതെങ്കിലും മതവിഭാഗക്കാരായതിനാൽ ഒരു തരത്തിലുള്ള വിവേചനവും ഒരു ജനവിഭാഗത്തോടും വ്യക്തിയോടും ഉണ്ടാകാതെ നോക്കാൻ അധികാരികൾക്ക് കഴിയണം. ആരെയും രണ്ടാംതരം പൗരൻമാരായി കാണരുത്. എല്ലാ ജനവിഭാഗങ്ങൾക്കും അധികാര തൊഴിൽ മേഖലകളിൽ അവരവരുടെ കഴിവിനും അനുപാതത്തിനുമനുസരിച്ച് അവസരങ്ങൾ നൽകാൻ രാജ്യം ഭരിക്കുന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം എഴുതി.

Tags:    
News Summary - kt jaleel welcomes the ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.