എ.ആർ. നഗർ ബാങ്ക് ക്രമക്കേടിന്‍റെ ആദ്യ രക്തസാക്ഷി അബ്ദുൽ ഖാദർ മൗലവി -കെ.ടി ജലീൽ

കോഴിക്കോട്: മലപ്പുറം എ.ആർ. നഗർ ബാങ്ക് ക്രമക്കേടിൽ മുസ് ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീൽ എം.എൽ.എ. ബാങ്ക് ക്രമക്കേടിന്‍റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിലെ അന്തരിച്ച ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അബ്ദുൽ ഖാദർ മൗലവിയെന്ന് കെ.ടി ജലീൽ ആരോപിച്ചു.

തന്‍റെ പേരിൽ രണ്ട് കോടി നിക്ഷേപമുണ്ടെന്ന് അറിഞ്ഞത് മൗലവിയെ തളർത്തി. മൗലവിയുടെ സമ്മതത്തോട് കൂടിയാണ് രണ്ടു കോടിയുടെ നിക്ഷേപവും ക്രയവിക്രയവും അദ്ദേഹത്തിന്‍റെ പേരിൽ നടന്നതെന്ന് കരുതുന്നില്ല. അത് സംബന്ധിച്ച അന്വേഷണങ്ങൾ സ്വാഭാവികമായും ഉണ്ടാകും. അന്വേഷണത്തെ മൗലവി ഭയന്നു. മരിക്കുന്നത് വരെ കുഞ്ഞാലിക്കുട്ടി എല്ലാ ദിവസവും രണ്ടും മൂന്നും തവണ മൗലവിയെ വിളിച്ചിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാനായിരിക്കാം ഫോൺ വിളിച്ചതെന്നും ജലീൽ പറഞ്ഞു.

മൗലവിയുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ പോയിരിക്കുന്നത് അമ്മുശ്രീ എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ്. എന്നാൽ, അമ്മുശ്രീ എന്ന ഒരു സ്ത്രീയില്ല. അത് വ്യാജ അക്കൗണ്ട് ആണെന്നും ജലീൽ പറഞ്ഞു.

എത്രപേർ ഇനി രക്തസാക്ഷി ആകുമെന്ന് കണ്ടറിയണം. ഐസ്ക്രീം പാർലർ കേസിൽ എത്ര ദുരൂഹ മരണങ്ങളാണ് ഉണ്ടായത്. സമാന രീതിയിൽ എ.ആർ. നഗർ ബാങ്ക് ക്രമക്കേടിലും ദുരൂഹ മരണങ്ങൾ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും ജലീൽ പറഞ്ഞു.

മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും ആരോപണങ്ങൾ ഉയരാത്തവരുമായ പല ലീഗ് നേതാക്കളുടെ പേരിലും എ.ആർ. നഗർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ട്. ലീഗിനെ മണ്ഡലം കമ്മിറ്റികളടക്കം നിരവധി ചെറിയ കമ്മിറ്റികളുടെ പേരിൽ നൂറോളം നിക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ താൻ പുറത്തുവിടും.

ഒക്ടോബർ എട്ടിന് കോടതിയിലുള്ള സ്റ്റേ നീങ്ങുന്നതിന് പിന്നാലെ നടപടിയുണ്ടാകുമെന്നും കള്ളപ്പണ നിക്ഷേപം നടത്തിയവർക്കെതിരെ അന്വേഷണം നടക്കുമെന്നും മീഡി‍യവണിന് നൽകിയ അഭിമുഖത്തിൽ കെ.ടി. ജലീൽ പറഞ്ഞു.

Tags:    
News Summary - KT jaleel Attack to Muslim League and Pk kunhalikutty in AR Nagar Bank Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.