പുരോഹിതൻമാർ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്താൽ വലിയ ഭവിഷ്യത്തെന്ന് കെടി ജലീൽ

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് എം.എൽ.എയും മുൻമന്ത്രിയുമായ കെ.ടി ജലീൽ. പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നുവെന്നും ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടികാട്ടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം.

മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം. ഒരു മതത്തിൻ്റെയും പേരിൽ ആരെയും അഴിഞ്ഞാടാൻ വിടരുത്. ഓരോ മത സമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാൽ ഇന്ത്യയെപ്പോലെ ഒരു ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തത് കേരളത്തിൽ ആദ്യ സംഭവമാണ്. അവിടുത്തെ സാധന സാമഗ്രികൾ നശിപ്പിച്ചത് കേട്ടുകേൾവി ഇല്ലാത്തതാണ്. പോലീസ് വാഹനങ്ങളുൾപ്പടെ പൊതുമുതൽ തകർത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. പിണറായി വിരുദ്ധ വിഷം തുപ്പുന്ന ചില പുരോഹിതൻമാരുടെ ഉള്ളിലിരിപ്പ് അവരുടെ വാക്കുകളിൽ വ്യക്തമാണ്.

35 പോലീസുകാരെയാണ് കലാപകാരികൾ അക്രമിച്ച് പരിക്കേൽപ്പിച്ചത്. പോലീസ് സ്റ്റേഷനിലെ വിലപിടിപ്പുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്. നിയമവാഴ്ച നില നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷൻ മണിക്കൂറുകൾ നിയന്ത്രണത്തിലാക്കാൻ ഒരു സംഘത്തിന് സാധിച്ചത് എന്തിൻ്റെ ബലത്തിലാണെന്ന് പ്രത്യേകം അന്വേഷിക്കണം' - കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഗെയ്ൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എതിരായി ചില മതസംഘടനകൾ രംഗത്തു വന്നതാണ്. എതിർപ്പുകൾ മറികടന്ന് പദ്ധതി സർക്കാർ യാഥാർത്ഥ്യമാക്കി. അത്തരക്കാർ പറഞ്ഞതിലൊന്നും ഒരു കഴമ്പുമില്ലെന്ന് അനുഭവം ജനങ്ങളെ പഠിപ്പിച്ചു. വിഴിഞ്ഞം പദ്ധതി നടപ്പിലായാലും സംഭവിക്കാൻ പോകുന്നത് ഗെയ്ൽ വിരുദ്ധ സമരത്തിൻ്റെ ആവർത്തനമാകുമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ എഴുതി. 

Tags:    
News Summary - kt jaleel against vizinjam protestors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.