പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ഇത്രയും വലിയ പരാജയം ഇടത് മുന്നണിക്കുണ്ടാവാൻ കാരണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദത്തിലും അതുപോലെയുള്ള അഴിമതിക്കേസുകളിലും മുഖ്യമന്ത്രി ഉൾപ്പെട്ടത് ജനരോഷമുണ്ടാക്കി. ഭരണസ്തംഭനവും ഓണക്കാലത്തെ വറുതിയിയും സർക്കാർ വിരുദ്ധ വികാരം ജ്വലിപ്പിച്ചു. ദേശീയതലത്തിൽ ഐ.എൻ.ഡി മുന്നണി വന്നതോടെ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമായി. ത്രിപുരയിൽ സിറ്റിങ് സീറ്റീൽ പോലും സി.പി.എമ്മിന് കെട്ടിവെച്ച തുക നഷ്ടമായി. ത്രിപുരയിൽ ബി.ജെ.പി ഇതിന്റെ നേട്ടമുണ്ടാക്കിയപ്പോൾ പുതുപ്പള്ളിയിൽ നേട്ടം കോൺഗ്രസിനായി. പ്രധാനപ്പെട്ട നേതാക്കൾ മരണപ്പെട്ട ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അവരുടെ ബന്ധുക്കൾ ജയിക്കുന്നത് കേരളത്തിൽ പതിവാണ്.

പി.ടി തോമസ് മരിച്ചപ്പോഴും ജി.കാർത്തികേയൻ മരിച്ചപ്പോഴും അത് കണ്ടതാണ്. കെ.എം മാണി മരണപ്പെട്ടപ്പോൾ മാത്രമാണ് അതിന് ഒരു അപവാദമുണ്ടായത്. ബി.ജെ.പി പിന്തുണ കൊണ്ടാണ് യു.ഡി.എഫ് വിജയിച്ചതെന്ന സി.പി.എം നേതാക്കളുടെ വാക്കുകൾ സർക്കസിലെ കോമാളികളുടെ കോമഡി പോലെയാണ്. സ്വന്തം വോട്ട് നിലനിർത്താനാവാത്തവർ ബി.ജെ.പിയുടെ വോട്ട് തിരയുന്നത് ഔചിത്യമല്ല.

ഇടതുപക്ഷത്തിന്റെ 12,000ൽ പരം വോട്ടുകളാണ് ചാണ്ടി ഉമ്മന് കിട്ടിയത്. ഇടതുപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ട് യു.ഡി.എഫിന് ലഭിച്ചു. ഇടതുപക്ഷത്തിന്റെ അടിത്തറയിളകിയില്ല എന്ന് എം.വി ഗോവിന്ദൻ പറയുന്നത് യാഥാർഥ്യബോധത്തോടെയല്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് അപ്രസക്തമാവും. അവിടെ യു.ഡി.എഫും ബി.ജെ.പിയുമായിട്ടാവും മത്സരം. ഐ.എൻ.ഡി മുന്നണിക്ക് ഒരു സ്ഥാനാർഥി പോരെയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. എൻ.ഡി.എയുടെ വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കും. വലിയ വിജയത്തിൽ ചാണ്ടി ഉമ്മനെ അഭിനന്ദിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. 

News Summary - K.Surendran said that the anti-government sentiment reflected in Pudupally will also be a wave of sympathy.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.