എ.ഐ കാമറ പദ്ധതി ഇങ്ങനെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്ന എ.ഐ കാമറ പദ്ധതിയെയും എതിര്‍ത്തു തോല്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റെ കെ സുധാകരന്‍ എംപി. ഈ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നു.

ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരേ തെരുവിലിറങ്ങി സമരം നടത്തുമെന്നും ഇതേ രീതിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് 424 കോടി രൂപ ജനങ്ങളില്‍നിന്ന് പിഴയായി പിരിച്ചു തരാമെന്നാണ് കെല്‍ട്രോണ്‍ നൽകിയ വാഗ്ദാനം. എന്നാല്‍ നിലവിലുള്ള രീതിയില്‍ നടപ്പാക്കിയാല്‍ അത് 1000 കോടിയെങ്കിലും വരും. അതിനുവേണ്ടിയാണ് യാതൊരു തയാറെടുപ്പും ബോധവത്കരണവും നടത്താതെ ധൃതഗതിയില്‍ പദ്ധതി നടപ്പാക്കിയത്.

ഈ മാസം 20ന് പദ്ധതി വീണ്ടും നടപ്പാക്കാന്‍ യാതൊരുവിധ തയാറെടുപ്പോ ബോധവത്കരണ പരിപാടിയോ നടപ്പാക്കുന്നില്ല. ഇതിനെല്ലാം ഒത്താശ നൽകി മുഖ്യമന്ത്രിയും പാര്‍ട്ടിയും കട്ടക്ക് കൂടെനിന്നതിന് കിട്ടിയ പ്രതിഫലം മൂലമാണ് ജനങ്ങൾ കെണിയിലായത്. ആരോപണം മുഖ്യമന്ത്രിയുടെ വീട്ടില്‍ വരെ എത്തിയിട്ടും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ എന്ന മട്ടില്‍ അദ്ദേഹം നിശബ്ദനാണ്.

മുഖ്യമന്ത്രി എല്ലാ പദ്ധതികളിലും നിന്ന് കൈയിട്ടുവാരുന്നു എന്നത് ഒരുകാലത്ത് ആരോപണമായിരുന്നെങ്കില്‍ ഇന്നത് യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്നു പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ ഉണ്ടായത്. ഉത്തരകൊറിയന്‍ ഏകാധിപതിയേക്കാള്‍ വലിയ സുരക്ഷിതത്ത്വത്തോടെ അദ്ദേഹം നടക്കുന്നത് ജനങ്ങളെ ഭയന്നാണ്. ഏതു പദ്ധതി നടത്തിയാലും അതില്‍ കൈയിട്ടുവാരുന്ന ഏകാധിപതികള്‍ക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്നത് ജനങ്ങളുടെ ചെരിപ്പേറും കൂക്കുവിളിയുമായിരിക്കുമെന്നു സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K.Sudhakaran will not allow the AI ​​camera project to be implemented in this way.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.