കോൺഗ്രസ്​ സംഘടനാ സംവിധാനം ദുർബലമായിരുന്നുവെന്ന്​ കെ.എസ്​.യു

കോഴിക്കോട്​: നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന സമയത്ത്​ കേരളത്തിൽ കോൺഗ്രസ്​ സംഘടന സംവിധാനം ദുർബലമായിരുന്നുവെന്ന്​ കെ.എസ്​.യു പ്രസിഡന്‍റ്​ കെ.എം.അഭിജിത്​. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി 'യു.ഡി.എഫ് സംവിധാനം' പലയിടത്തും മാറി. കോൺഗ്രസ് ആൾക്കൂട്ടമായതും തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണെന്ന്​ അഭിജിത്​ പറഞ്ഞു.

ഏതെങ്കിലും ചില വ്യക്തികൾക്കുമേൽ തെരെഞ്ഞെടുപ്പ് പരാജയം കെട്ടിവെക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. വിജയിച്ചിരിക്കുന്ന 21 കോൺഗ്രസ്സ് എം.എൽ.എമാർ പാർട്ടി പ്രവർത്തകരുടെയും,ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് നിയമസഭയ്ക്കകത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിജിത്​ ഫേസ്​ബുക്കിൽ കുറിച്ചു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ​ കോഴിക്കോട്​ നോർത്ത്​ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്​ സ്ഥാനാർഥിയായി അഭിജിത്​ മത്സരിച്ചിരുന്നു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

ഇവിടെ പറയാൻ ഉദ്ദേശിച്ചതല്ല..,

പതിനഞ്ചാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് കേരളത്തിൽ കോൺഗ്രസ്സ് പാർട്ടി നേരിട്ടതെന്ന കാര്യത്തിൽ തർക്കമില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വജനപക്ഷപാതവും, അഴിമതികളും വേണ്ട രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കാത്തതും, കഴിഞ്ഞ സർക്കാരിൽ അഞ്ച് മന്ത്രിമാർ രാജിവെക്കേണ്ടി വന്ന ക്യാബിനറ്റായിരുന്നുവെന്നതുൾപ്പടെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ യു.ഡി.എഫിന് സാധിക്കാതെ പോയതും, കഴിഞ്ഞ ഒരു വർഷക്കാലമായി കോവിഡ് മഹാമാരിക്കിടയിൽ മുഖ്യമന്ത്രിയുടെ ദിനംപ്രതിയുള്ള പത്രസമ്മേളനങ്ങളും, കിറ്റ് വിതരണവുമെല്ലാം ജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചതും, മത-സാമുദായിക സംഘടനകളെ കൂടെ നിർത്താൻ സാധിച്ചതും, കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ സംഘപരിവാറിൻ്റെയും-ബിജെപിയുടെയും പിന്തുണ ലഭിച്ചതുമൊകെ ഇടതുപക്ഷം വിജയിക്കാനുള്ള കാരണങ്ങളായി.

എന്നാൽ യു.ഡി.എഫിനും, കോൺഗ്രസ്സിനും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സാധിച്ചത് തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുൻപ് മാത്രമാണ്. മറ്റുള്ളവർ തിരെഞ്ഞെടുപ്പ് കമ്മിറ്റികൾ മാസങ്ങൾക്കുമുൻപ് പ്രഖ്യാപിക്കുന്നിടത്താണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തിരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന് ഓടേണ്ടി വന്നത്. യു.ഡി.എഫ് നേതാക്കൾ തിരെഞ്ഞെടുപ്പ് വരാനിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതും, തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.

കോൺഗ്രസ്സ് സംഘടനാ സംവിധാനം ദുർബലമായിരുന്നു കേരളത്തിലുടനീളം( ചില സ്ഥലങ്ങളിൽ ഇതിന് അപവാദമുണ്ടാകാം). തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി 'യു.ഡി.എഫ് സംവിധാനം' പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണ് (പോഷക സംഘടനകളെ വേണ്ട രീതിയിൽ സംഘടിപ്പിക്കപ്പെട്ടോ എന്നതും ചോദ്യമാണ് ഞാൻ ഉൾപ്പെടെ മറുപടി പറയാൻ ബാധ്യസ്ഥനുമാണ്).

ഇനിയും ഒട്ടനവധി കാര്യങ്ങളുണ്ട്, പക്ഷേ ഇതെല്ലാമാണ് യു.ഡി.എഫ് പരാജയത്തിനു കാരണം എന്നിരിക്കെ ഏതെങ്കിലും ചില വ്യക്തികൾക്കുമേൽ തിരെഞ്ഞെടുപ്പ് പരാജയം കെട്ടിവയ്ക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ല.

വിജയിച്ചിരിക്കുന്ന 21 കോൺഗ്രസ്സ് എം.എൽ.എമാർ പാർട്ടി പ്രവർത്തകരുടെയും,ജനങ്ങളുടെയും പ്രതീക്ഷയ്ക്കൊത്ത് നിയമസഭയ്ക്കകത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 21 നിയമസഭാംഗങ്ങളും കോൺഗ്രസ്സിൻ്റെ ശബ്ദമായി നിയമസഭയ്ക്കകത്തുണ്ടാകുമെന്നതു തന്നെയാണ് പ്രതിസന്ധിഘട്ടത്തിലെ പ്രതീക്ഷയും.

നിയമസഭയ്ക്ക് പുറത്ത് കേരളത്തിലുടനീളം കോൺഗ്രസ്സ് സംഘടനാ സംവിധാനം ചലിപ്പിക്കാൻ കഴിയേണ്ടതുണ്ട്. കോൺഗ്രസ്സിനെ സംഘടനാ സംവിധാനത്തിലൂടെ തിരികെ കൊണ്ടു വന്നേ മതിയാകൂ. എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഏതെങ്കിലും വ്യക്തികളെ മാറ്റിയല്ല ഒന്നാകെയുള്ള മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു.

കെ.എസ്.യു പു:നസംഘടന ഉൾപ്പെടെ കൃത്യം രണ്ടു കൊല്ലത്തിനുശേഷം അഖിലേന്ത്യ കമ്മിറ്റിയോട് ആവശ്യപ്പെട്ട സമയത്ത് പല സംസ്ഥാനങ്ങളിലും പു:നസംഘടന നടക്കുന്നതുകൊണ്ട് മൂന്നു വർഷമാണ് കാലാവധി അതുവരെ തുടരാനാണ് നേതൃത്വം പറഞ്ഞിരുന്നത്. മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ഒരുവർഷക്കാലത്തിലേറെയായി രാജ്യമാകമാനം കോവിഡ് പ്രതിസന്ധിയാണ്, പു:നസംഘടന നടന്നിട്ടില്ല. ആ സമയത്താണ് ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാനുള്ള തീരുമാനം കെ.എസ്‌.യു സംസ്ഥാന എക്സിക്യൂട്ടീവിൽ കൈക്കൊണ്ടത്. പല സഹപ്രവർത്തകരും ആത്മാർത്ഥമായി 'പ്രാദേശിക യൂണിറ്റ് രൂപീകരണമുൾപ്പെടെ' നടപ്പിലാക്കിയപ്പോൾ ചിലർ ഭാരവാഹിത്വത്തിൽ ഇരുന്നിട്ടും ഇതൊന്നും അറിഞ്ഞതേ ഇല്ലായിരുന്നു. ഭാരവാഹിത്വത്തിൽ ഇരുന്ന് സംഘടനയോട് നീതിപുലർത്താൻ സാധിക്കാത്ത ഇടങ്ങളിൽ മാറ്റം അനിവാര്യമാണെന്ന പക്ഷക്കാരനാണ് ഞാനും. കോൺഗ്രസ്സിൻ്റെ 'വിശാലമായ ഉൾപ്പാർട്ടിജനാധിപത്യം' കൊണ്ട് പലപ്പോഴും പോഷക സംഘടനകളും സമ്പന്നമാണ്. 'അത്തരം വിശാലമായ ഉൾപ്പാർട്ടി ജനാധിപത്യത്താൽ പലരും പലയിടങ്ങളിലും സംരക്ഷിക്കപ്പെട്ടു പോകാറുണ്ട്, തീരുമാനം എടുക്കേണ്ടവർ എന്ന് മറ്റുള്ളവർ കരുതുന്നവർ നിസ്സഹായരാകാറുണ്ട് ' മാറ്റം വരേണ്ടത് അവിടെ കൂടിയാണ്. മാറ്റം അനിവാര്യമാണ്.

പരാജയത്തിൻ്റെ ഉത്തരവാദികൾ ഒന്നോ, രണ്ടോ ആളുകൾ മാത്രമല്ല കൂട്ടുത്തരവാദിത്വമുണ്ട്. അതിന് പരിഹാരം എന്തെന്ന് തീരുമാനിക്കേണ്ടതും അവർ തന്നെയാണ്. ഉചിതമായ സമയം ഇതു കൂടിയാണ്.

പറയാനുള്ള അഭിപ്രായങ്ങൾ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും ഈ പ്ലാറ്റ്ഫോമിൽ ഇങ്ങനെയൊന്നും പറയണമെന്ന് കരുതിയതല്ല സോഷ്യൽ മീഡിയയിൽ അതിരുകവിഞ്ഞുള്ള അഭിപ്രായങ്ങൾ പലരും പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്ര മാത്രം ഇവിടെ കുറിച്ചത്.!

Tags:    
News Summary - KSU claimed that the organizational structure of the Congress was weak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.