തിരുവനന്തപുരം: ദേശസാത്കൃത റൂട്ടുകൾ തെരഞ്ഞെടുപ്പിന്റെ മറവിൽ മോട്ടോർ വാഹന വകുപ്പ് കൂട്ടത്തോടെ സ്വകാര്യ ബസുകൾക്ക് തുറന്നുനൽകി. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ സ്വകാര്യ ബസുകളില്‍നിന്നും കെ.എസ്.ആര്.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര പാതകളിലാണ് 140 ലേറെ പെർമിറ്റുകൾ അനുവദിച്ചത്.
സംസ്ഥാനത്ത് 140 കിലോമീറ്ററിലധികം ദൂരമുള്ള 241 പെര്‍മിറ്റുകൾ ഹൈകോടതി ഉത്തരവുപ്രകാരം കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നു. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓടാതിരിക്കുകയോ പുതിയ പെർമിറ്റിന് അപേക്ഷ സമർപ്പിക്കാതിരിക്കുകയോ ചെയ്താൽ സ്വകാര്യ ബസുകളുടെ അപേക്ഷ പരിഗണിക്കാമെന്നാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശം. ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് സ്വകാര്യ ബസുകൾക്ക് വളഞ്ഞ വഴിയിൽ പെർമിറ്റ് നൽകിയത്.
ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കെ.എസ്.ആർ.ടി.സി ഈ റൂട്ടുകളിൽ ഓടിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. ഒരു നിശ്ചിത റൂട്ട് നിർദേശിക്കുന്നതിന് പകരം ഫാസ്റ്റുകൾ സാധാരണ നൽകുന്നത് ഏരിയ പെർമിറ്റുകളാണ്. ഇതിനിടെ ഈ റൂട്ടുകളിലേക്ക് ഓർഡിനറി പെർമിറ്റിനായി സ്വകാര്യ ബസുകൾ അപേക്ഷ സമർപ്പിച്ചു.
കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അപേക്ഷ നിരസിക്കാമെന്നിരിക്കെ, അതിന് തയാറാകാതെ ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്നില്ലെന്നും ഫാസ്റ്റ് പാസഞ്ചർ ബസുകളാണുള്ളതെന്നും ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് സ്വകാര്യ പെർമിറ്റുകൾ അനുവദിക്കുകയായിരുന്നു. ഇടുക്കിയിൽ മാത്രം ഇത്തരത്തിൽ നൽകിയത് 34 പെർമിറ്റുകളാണ്. ഇതിന്റെ ചുവടുപിടിച്ച് മറ്റു ജില്ലകളിലും നൽകി. ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആര്.ടി.സിയുടെ അനുവാദമില്ലാതെ പെര്‍മിറ്റ് നല്‍കരുതെന്ന വ്യവസ്ഥയാണ് മോട്ടോർ വാഹനവകുപ്പ് ലംഘിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ കെ.എസ്.ആർ.ടി.സിയിൽനിന്ന് കാര്യമായ പ്രതിഷേധങ്ങളോ വിയോജിപ്പോ ഉയരാത്തതും സംശയം ജനിപ്പിക്കുന്നു. കെ.എസ്.ആർ.ടി.സി നിയമനടപടി സ്വീകരിച്ചാൽ ഇപ്പോൾ അനുവദിച്ച പെർമിറ്റുകൾ നിയമപരമായിതന്നെ റദ്ദാക്കപ്പെടുമെങ്കിലും അതിന് തയാറല്ല.
ഹൈകോടതി ഉത്തരവനുസരിച്ച് ദേശസാത്കൃത പാതകളില്‍ ഓടിയിരുന്ന സ്വകാര്യ ബസുകൾ പെർമിറ്റ് കാലാവധി പൂർത്തിയാകുമ്പോൾ പിന്മാറുകയും പകരം ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് വിന്യസിക്കുകയും വേണം. എന്നാൽ, ഇടുക്കിയിൽ ഇത്തരത്തിൽ ബസ് വിന്യസിക്കാതെ കണ്ണടച്ചെന്നാണ് വിമർശനം. ദീർഘദൂര പാതകളാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ നട്ടെല്ല്.
ഇവിടേക്ക് സ്വകാര്യ ബസുകൾ കൂടി കടന്നുവരുന്നതോടെ സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയാണ് തകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.