പ്രതിദിന വരുമാനത്തിൽ റെക്കോഡിട്ട് കെ.എസ്.ആർ.ടി.സി; മറികടന്നത് ശബരിമല സീസണിലെ കലക്ഷൻ

തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ പുതിയ റെക്കോഡിട്ട് കെ.എസ്.ആർ.ടി.സി. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ സെപ്റ്റംബർ നാലിനാണ് 8.79 കോടി രൂപ കലക്ഷൻ ലഭിച്ചത്. 2023 ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന വരുമാനമാണ് മറികടന്നത്.

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി മികച്ച നേട്ടമാണ് കൊയ്തത്. ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ നാല് വരെയുള്ള 10 ദിവസം 70.97 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതിൽ അഞ്ച് ദിവസം ഏഴ് കോടി രൂപയിലധികം വരുമാനമുണ്ടായി. 26ന് 7.88 കോടി, 27ന് 7.58 കോടി, 28ന് 6.79 കോടി, 29ന് 4.39 കോടി, 30ന് 6.40 കോടി, 31ന് 7.11 കോടി, സെപ്തംബർ ഒന്നിന് 7.79 കോടി, രണ്ടിന് 7.29 കോടി, മൂന്നിന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി അറിയിച്ചു. കൂടുതൽ ബസുകൾ നിരത്തിലിറക്കി ഒമ്പത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമെന്നും എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിലെ കാലതാമസമാണ് അതിന് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - KSRTC to record daily earnings; The collection of the Sabarimala season was surpassed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.