കൊച്ചി: എല്ലാ മാസവും അഞ്ചാം തീയതിയോടെ ശമ്പളം ലഭ്യമാക്കാൻ കോടതി നടത്തുന്ന ശ്രമങ്ങളെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം പ്രതികൂലമായി ബാധിക്കുമെന്ന് ഹൈകോടതി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാർ സമരം തുടരുന്നത് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഉപഹരജിയിലാണ് സിംഗിൾബെഞ്ചിന്റെ നിരീക്ഷണം. സമരം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ജീവനക്കാർക്കും ബന്ധപ്പെട്ടവർക്കും മനസ്സിലാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കമുള്ള ജീവനക്കാർക്ക് ശമ്പളം വൈകുന്നത് ഒഴിവാക്കാൻ വിവിധ തലത്തിൽ നടപടികൾ സ്വീകരിക്കുമ്പോൾ ജീവനക്കാർ കോർപറേഷൻ ആസ്ഥാനത്തെയും മറ്റു ഓഫിസുകളിലെയും പ്രവർത്തനം തടസ്സപ്പെടുത്തുന്ന തരത്തിൽ സമരം നടത്തുകയാണെന്ന് ആരോപിച്ചാണ് കെ.എസ്.ആർ.ടി.സി ഉപഹരജി നൽകിയത്.
സമരത്തിന്റെ ചിത്രങ്ങളും ഹരജിക്കൊപ്പം നൽകിയിരുന്നു. ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിയെ ട്രാക്കിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോടതി. വിഷയത്തിൽ ഇടപെടാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി ജൂലൈ ഒന്നിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.