കണ്ടക്ടർ ഷിബു, ഡ്രൈവർ ബിനു ജോസ്, ഡോ. സ്വാമിനാഥൻ എന്നിവർ ആശുപത്രിക്ക് മുന്നിൽ
വൈത്തിരി: കോളജിലേക്കുള്ള യാത്രക്കിടെ ബസിൽ കുഴഞ്ഞു വീണ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ ഷിബുവും ഡ്രൈവർ ബിനു ജോസുമാണ് ബസിൽ കുഴഞ്ഞുവീണ കമ്പളക്കാട് സ്വദേശിനി റിഷാന(19)യുമായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു പാഞ്ഞത്.
രാവിലെ ആറരയോടെ മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് തളിപ്പുഴ എത്തിയപ്പോൾ റിഷാനക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസിനകത്തു കുഴഞ്ഞു വീണു. അത്യാവശ്യക്കാരായ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടശേഷം ബസ് നേരെ തിരിച്ചു വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് വിട്ടു. റിഷാനയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വീട്ടുകാരെ വിവരമറിയിച്ച ശേഷമാണു മറ്റു യാത്രക്കാരുമായി ഷിബുവും ബിനു ജോസും യാത്ര തുടർന്നത്. ബസിലുണ്ടായിരുന്ന ഡോ. സ്വാമിനാഥൻ (റിട്ട. സർജ്ജൻ) റിഷാനക്ക് ബസിനകത്ത് പ്രാഥമിക ചികിത്സ നൽകി. റിഷാനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.