കെ.എസ്.ആർ.ടി.സി: ശമ്പളവിതരണം ഭാഗികമായി തുടങ്ങി

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ഭാഗികമായി ആരംഭിച്ചു. എസ്.ബി.ഐയിൽനിന്നുള്ള 50 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ലഭിച്ചതോടെയാണ് ശമ്പള വിതരണത്തിന് വഴിതുറന്നത്. സർക്കാർ ധനസഹായവും തുണയായി.

കഴിഞ്ഞമാസത്തെ ശമ്പളത്തിനായെടുത്ത ഓവർ ഡ്രാഫ്റ്റിന്‍റെ തിരിച്ചടവ് പൂർത്തിയായിരുന്നില്ല. ഇത് തീരാതെ മറ്റൊരു ഒ.ഡി എടുക്കാനും കഴിയുമായിരുന്നില്ല. സർക്കാർ നൽകിയ 30 കോടി രൂപ ഉപയോഗിച്ച് കഴിഞ്ഞ മാസത്തെ ഒ.ഡി അടച്ചുതീർത്തു. പിന്നാലെ, 50 കോടിയുടെ കൂടി ഒ.ഡി എടുക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ചാണ് ശമ്പള വിതരണം ഭാഗികമായി തുടങ്ങിയത്. റൂട്ടിൽ പോകുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യം ശമ്പളം നൽകുന്നത്. ഇവർക്ക് ശമ്പളം നൽകാൻ മാത്രം 53 കോടിയോളം വേണം.

ധനവകുപ്പിൽനിന്ന് 20 കോടി കൂടി ലഭിച്ചതാണ് കെ.എസ്.ആർ.ടി.സിക്ക് അൽപം ആശ്വാസമായത്. ആദ്യം അനുവദിച്ച 30 കോടിക്കു പുറമെയാണ്. ഫലത്തിൽ ഈ മാസം 50 കോടിയാണ് ശമ്പളത്തിന് സർക്കാർ അനുവദിച്ചത്. ശനിയാഴ്ചയോടെ ഈ തുക കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലെത്തും. ഇതോടെ, മറ്റ് വിഭാഗങ്ങളുടെ ശമ്പള വിതരണവും ആരംഭിക്കും. കലക്ഷനിൽനിന്ന് ഇന്ധനച്ചെലവ് കഴിഞ്ഞ് മിച്ചം പിടിച്ച തുക കൂടിയാകുമ്പോൾ ഈ മാസത്തെ ശമ്പളവിതരണം പൂർത്തിയാക്കാമെന്നാണ് കോർപറേഷ‍ന്‍റെ കണക്കുകൂട്ടൽ.

Tags:    
News Summary - KSRTC: Salary distribution has started partially

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.