ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ക്രിസ്മസ് ദിവസം അവധി നൽകാതെ പ്രവൃത്തി ദിനമാക്കിയത് വാജ്പേയിയുടെ ജന്മദിനമായതിനാലാകുമെന്ന് ബി.ജെ.പി നേതാവ് ടോം വടക്കൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ദിവസം ഉത്തർ പ്രദേശിൽ പ്രവൃത്തി ദിനമാക്കിയത് ശരിയാണോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമാണ് ക്രിസ്മസിന്. ആ സാഹചര്യത്തിലായിരിക്കും പ്രവൃത്തി ദിനമാക്കിയത്. ഇത് ക്രിസ്മസുമായി ബന്ധമുള്ളതല്ല...’ -ടോം വടക്കൻ പറഞ്ഞു.
ഉത്തർപ്രദേശിൽ ഇക്കുറി വിദ്യാർഥികൾക്ക് ക്രിസ്മസ് അവധി നൽകിയിരുന്നില്ല. ക്രിസ്മസിന് സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് യു.പി സർക്കാർ അറിയിക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഈ ദിവസം സ്കൂളിൽ നടത്തണമെന്നായിരുന്നു നിർദേശം. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ലോക്ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് ദിനത്തില്‍ അവധിയുണ്ടായിരുന്നില്ല. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാൻ ജീവനക്കാർ വ്യാഴാഴ്ച ഹാജരാകാന്‍ കണ്‍ട്രോളര്‍ ഉത്തരവിറക്കുകയായിരുന്നു. വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്‍സ് ദിവസമായാണ് ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.