വി.കെ. മിനിമോൾ
കൊച്ചി: കൊച്ചി കോർപറേഷൻ മേയറായി യു.ഡി.എഫിന്‍റെ വി.കെ. മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗൺസിലില്‍ സ്വതന്ത്രന്‍റെ വോട്ട് ഉൾപ്പെടെ 48 വോട്ടുകളാണ് മിനിമോൾക്ക് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.
മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. എന്നാൽ, സത്യപ്രതിജ്ഞക്കു മുമ്പേ ദീപ്തി മടങ്ങി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു. ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക. തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളിൽ തീരുമാനമെടുത്തത്.
ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നൽകുന്നത്. മിനിമോളുെട കാലയളവിൽ ദീപക് ജോയിയും ഷൈനിയുടെ കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാർട്ടി നേതൃത്വത്തിനിടയിൽ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാൽ കൗൺസിലർമാരുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകിയാണ് കോർ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.