കെ.എസ്.ആർ.ടി.സി: സംയുക്ത സമര സമിതിയുമായി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: ശമ്പള വിഷയത്തിൽ കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളുടെ സംയുക്ത സമര സമിതിയുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയം. ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ചീഫ് ഓഫിസ് ഉപരോധം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

സര്‍ക്കാറിന്റെ സഹായം ലഭിക്കാതെ ബാക്കി ശമ്പളം നല്‍കാനാകില്ലെന്ന നിസ്സഹായതയാണ് മന്ത്രി പ്രകടിപ്പിച്ചത്. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ വരവുചെലവ് പരിശോധിക്കാന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തി കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. മാനേജ്‌മെന്‍റ് കണക്കുകള്‍ വിശ്വാസമില്ലെന്ന് തൊഴിലാളി നേതൃത്വം പറഞ്ഞതിനെ തുടര്‍ന്നാണ് ജീവനക്കാരെ ഉള്‍പ്പെടുത്തിയത്. ഓരോ അംഗീകൃത യൂനിയനില്‍നിന്ന് ഒരാള്‍ വീതവും രണ്ട് മാനേജ്‌മെന്റ് പ്രതിനിധികളും സമിതിയിലുണ്ടാകും.

ശമ്പളം നല്‍കുന്നതില്‍ ഉറപ്പുലഭിക്കാത്ത സാഹചര്യത്തില്‍ ചീഫ് ഓഫിസില്‍ നടക്കുന്ന ഉപരോധ സമരം തുടരും. തിങ്കളാഴ്ച മുതല്‍ ഉപരോധം ശക്തമാക്കുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.

അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് മാനേജ്മെന്‍റ് പാലിച്ചില്ലെന്ന് മാത്രമല്ല, ശമ്പളം ഗഡുക്കളാക്കുകയും ആ ഗഡുക്കൾ തന്നെ അനിശ്ചിതത്വത്തിലാകുകയും ചെയ്തതാണ് സി.ഐ.ടി.യുവിനെ ചൊടിപ്പിക്കുന്നത്. പ്രശ്നത്തിലിടപെടാത്ത സർക്കാർ നിലപാടിൽ അമർഷമുണ്ടെങ്കിലും ആരോപണ മുനകൾ മാനേജ്മെന്‍റിലേക്ക് മാത്രം പരിമിതപ്പെടുത്തിയാണ് സി.ഐ.ടി.യുവിന്‍റെ പ്രതിഷേധങ്ങൾ.

സി.ഐ.ടി.യുവുമായി ഒത്തുചേർന്ന് സമരം നടത്തേണ്ടതില്ലെന്ന ആർ.എസ്.എസ് നിർദേശത്തെ തുടർന്ന് ബി.എം.എസ് സംയുക്ത സമര പ്ലാറ്റ്ഫോമിൽനിന്ന് പിന്മാറുകയും ഒറ്റക്ക് പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. സംയുക്ത പ്ലാറ്റ്ഫോമിലേക്ക് എ.ഐ.ടി.യു.സിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അവർ മുന്നോട്ടുവന്നിട്ടില്ല.

ശമ്പളം കിട്ടാൻ എല്ലാ മാസവും സമരം ചെയ്യാൻ കഴിയുമോയെന്ന ചോദ്യവും സമാന്തരമായി തൊഴിലാളികളിൽ നിന്നുയരുന്നുണ്ട്. സര്‍ക്കാര്‍ ധനസഹായമായ 50 കോടി രൂപ വൈകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

Tags:    
News Summary - KSRTC: Negotiations with the joint strike committee failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.