തിരുവനന്തപുരം:സിറ്റി സർവീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പാക്കുന്നു. ജില്ലാ ഭരണകൂടം, ഡി.റ്റി.പി.സി എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്‍റ് വിഭാഗവുമായി ചേർന്ന് 2016 ൽ തിരുവനന്തപുരം നഗരത്തിൽ റൂട്ട് നമ്പറിങ് നടപ്പാക്കുന്നത് സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തിരുവനന്തപുരം നഗരം - നീല, നെയ്യാറ്റിൻകര, കാട്ടാക്കട - താലൂക്ക് - മഞ്ഞ, നെടുമങ്ങാട് താലൂക്ക് - പച്ച, വർക്കല, ചിറയിൻകീഴ് താലൂക്കുകൾ - ചുവപ്പ് എന്നിങ്ങനെയാണ് കളർ കോഡിംഗ് നടത്തിയിരിക്കുന്നത്.
കൂടാതെ നമ്പറിംഗിലും യാത്രക്കാർക്ക് അനായാസം മനസിലാക്കുന്ന സംവിധാനമാണ് നടപ്പിൽ വരുത്തുന്നത്. തിരുവനന്തപുരം നഗരം - 1,2,3 എന്നീ അക്കങ്ങളിൽ തുടക്കുന്ന നമ്പരുകൾ, നെയ്യാറ്റിൻകര, കാട്ടാക്കട - താലൂക്ക് - 4,5 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളും, നെടുമങ്ങാട് താലുക്ക് - 6, 7 എന്നീ അക്കങ്ങളിൽ തുടക്കുന്ന നമ്പരുകളും, വർക്കല, ചിറയിൻകീഴ് താലുക്കുകൾ - 8,9 എന്നീ അക്കങ്ങളിൽ തുടങ്ങുന്ന നമ്പരുകളുമാണ് നൽകിയിരിക്കുന്നത്. കളർ കോഡിംഗ് ഓടു കൂടിയ റൂട്ട് നമ്പർ സ്ഥലനാമ ബോർഡിന്റെ ഇടതു വശത്തും, പ്രസ്തുത സർവ്വീസ് എത് കാറ്റഗറിയാണ് (സിറ്റി ഓർഡിനറി (CTY), സിറ്റി ഫാസ്റ്റ് പാസഞ്ചർ (CFP)) എന്ന് വ്യക്തമാക്കുന്ന കളർ കോഡിങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോർഡിന്‍റെ വലതു വശത്തും പ്രദർശിപ്പിക്കും. സ്ഥലനാമങ്ങൾ എഴുതുന്നതിലും കളർ കോഡിംഗ് നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഓർഡിനറി ബസുകളുടെ സ്ഥലനാമ ബോർഡുകളിൽ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥല പേരുകൾ എഴുതുക. സിറ്റി ഫാസ്റ്റിൽ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥല പേരുകൾ എഴുതുന്നതിന് ഉപയോഗിക്കുക.
അന്യ സംസ്ഥാന തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, പ്രായമായവർ എന്നിവർക്ക് വളരെ സഹായകമായ രീതിയിലാണ് ഈ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള റൂട്ട് നമ്പറിംഗ് ആണ് പൂർത്തിയായിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്ഥാനത്ത് മുഴുവനായും ഇത് നടപ്പാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.