കൊച്ചി: വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരും മൗലികാവകാശങ്ങളുള്ള മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈകോടതി. അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ കാലങ്ങളോളം അവർക്ക് നിഷേധിക്കാനാവില്ല.
പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം നൽകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹരജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്.
കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ആനുകൂല്യങ്ങൾ നാലുമാസത്തിനകം കൊടുത്തു തീർക്കാനാവില്ലെന്നായിരുന്നു പുനഃപരിശോധന ഹരജി. ആനുകൂല്യങ്ങൾ സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് വിതരണം ചെയ്യുന്ന പദ്ധതി തയാറാക്കി കെ.എസ്.ആർ.ടി.സി സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇതു തള്ളിയിരുന്നു.
പ്രതിമാസം കൃത്യമായ ഒരു തുക പെൻഷനു വേണ്ടി മാറ്റിവെക്കാതെ നിവൃത്തിയില്ലെന്ന് കോടതി പറഞ്ഞു.
കുടിശ്ശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പരമാവധി ആറുമാസം വരെ മാത്രമേ അനുവദിക്കാനാവൂ. രണ്ടു വർഷമൊന്നും നൽകാനാവില്ല.
ആനുകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള പട്ടികയും ഇതിനു ഫണ്ട് കണ്ടെത്തുന്നതിനുള്ള വിവരങ്ങളും ഉൾപ്പെടെ വിശദ പദ്ധതി സമർപ്പിക്കണമെന്ന കോടതി നിർദേശത്തിൽ നിലപാടറിയിക്കാൻ കെ.എസ്.ആർ.ടി.സി അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹരജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.