തിരുവനന്തപുരത്ത് 687 ബസ്, മലപ്പുറത്ത് 98; സ്ത്രീകളുടെ സൗജന്യ യാത്ര മലബാറിൽ ഗുണം ചെയ്യുക കുറച്ചുപേർക്ക്, വിവേചനം ചർച്ചയാകുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള പദ്ധതി ആരംഭിക്കാനിരിക്കെ, ബസുകളുടെ വിതരണത്തിലെ വൻ അസമത്വം മലബാർ മേഖലക്ക് തിരിച്ചടിയാകുന്നു.

ആകെ ലഭ്യമായ 3125 ഓർഡിനറി ബസുകളിൽ സിംഹഭാഗവും തെക്കൻ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 687 ബസുകൾ സർവീസ് നടത്തുമ്പോൾ, ജനസംഖ്യയിൽ മുന്നിലുള്ള മലപ്പുറം ജില്ലയിൽ ഇത് വെറും 98 മാത്രമാണ് കൊല്ലം ജില്ലയിൽ 415 ബസുകളും എറണാകുളത്ത് 325 ബസുകളും ഉള്ളപ്പോൾ വടക്കൻ ജില്ലകളായ പാലക്കാട് (122), കാസർകോട് (128) എന്നിവിടങ്ങളിൽ സൗകര്യം വളരെ കുറവാണ്. കണ്ണൂരിൽ 205 ബസുകളും വയനാട്ടിൽ 172 ബസുകളും കോഴിക്കോട് 156 ബസുകളുമാണ് നിലവിലുള്ളത്.

തെക്കൻ കേരളത്തിലെ മറ്റ് ജില്ലകളായ ആലപ്പുഴ (227), കോട്ടയം (162), പത്തനംതിട്ട (150), തൃശൂർ (153), ഇടുക്കി (125) എന്നിവിടങ്ങളിലെല്ലാം വടക്കൻ ജില്ലകളേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണുള്ളത്. ഓർഡിനറി ബസുകൾ കുറവായ മലബാർ മേഖലയിൽ സ്ത്രീകൾക്ക് ഈ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം നാമമാത്രമായി മാത്രമേ ലഭിക്കൂ എന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. വടക്കൻ ജില്ലകളിലെ അവഗണന അവസാനിപ്പിച്ച് ബസുകളുടെ എണ്ണത്തിൽ തുല്യത ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കാൻ വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി. ബൽറാം എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചിരുന്നു.

മലബാർ മേഖലയിൽ കെ.എസ്.ആർ.ടി.സി സൗകര്യങ്ങൾ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം സർക്കാറിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാറിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണമെന്നുമാണ് ആവശ്യപ്പെട്ടത്.

വി.ടി ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ മറുപടി നൽകി. നിലവിലെ കണക്കുകൾ പ്രകാരം ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവിസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ്.

ഈ വിഷയം പഠിച്ച ശേഷം ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും അറിയിച്ചിരുന്നു. ‘പ്രിയദർശിനി’ എന്ന പേരിൽ കെ.എസ്.ആർ.ടി.സി ബസുകളിലെ വനിതകൾക്കുള്ള സൗജന്യ യാത്ര തിങ്കളാഴ്ച മുതലാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര. വരുമാന, പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കും.

Tags:    
News Summary - KSRTC Free Travel for Women Hit by Bus Disparity; Malabar Gets Fewer Buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.