ആലുവ: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകാത്തതിൽ പരസ്യ പ്രതിഷേധവുമായി കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്). ശമ്പളം നൽകാത്ത പിണറായി സർക്കാറിനെതിരെ മണ്ണ് സദ്യ വിളമ്പിയാണ് എംപ്ലോയീസ് സംഘ് അംഗങ്ങൾ പ്രതിഷേധിച്ചത്. ആലുവ ഡിപ്പോയിൽ ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകിയിരുന്നില്ല. ശമ്പളം നൽകാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.
അതിനിടെ സർക്കാറിനെ പ്രതിരോധത്തിലാക്കി കെ.എസ്.ആർ.ടി.സിയിലെ ഇടത് യൂനിയനുകൾ കൂടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. മാനേജ്മെന്‍റിനെയും സി.എം.ഡിയെയും പിരിച്ചു വിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സി.ഐ.ടി.യു ആവശ്യപ്പെട്ടു.
കൂടാതെ, വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് സൂചനാ പണിമുടക്കിന് ആഹ്വാനവും നൽകിയിട്ടുണ്ട്. ജോലി ചെയ്ത ശമ്പളം വിഷുവായിട്ടും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾക്ക് പിന്നാലെ ഇടത് സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
ശമ്പളവും കുടിശ്ശികയും നൽകാൻ 87 കോടിരൂപ വേണമെന്നിരിക്കെ 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. കഴിഞ്ഞ മാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തിൽ 1.25 കോടി രൂപ സ്വകാര്യ ബാങ്കിൽ തിരിച്ചടവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.