സുധീർ, വീട്ടിൽ നിന്ന് കണ്ടെത്തിയ വിഷവും സിറിഞ്ചും
തിരുവനന്തപുരം: ഭാര്യ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന് ആക്ഷേപം. ഷാരോണ്‍ വധക്കേസില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയരായ പാറശാല പൊലീസിനെതിരെയാണ് വീണ്ടും പരാതി. ആറ് മാസം മുന്‍പ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നാണ് പരാതിക്കാരനായ പാറശാല സ്വദേശി സുധീര്‍ പറയുന്നത്.
വിഷം നൽകി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭാര്യക്കും അവരുടെ ആണ്‍സുഹൃത്തിനുമെതിരെ സുധീർ പരാതി നല്‍കിയെങ്കിലും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് പരാതി. ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ളിക്‌സില്‍ വിഷം കലര്‍ത്തി നല്‍കി തന്നെ കൊലപ്പെടുത്താന്‍ ഭാര്യയായിരുന്ന സ്ത്രീ ശ്രമിച്ചുവെന്നാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സുധീര്‍ പറയുന്നത്. 2018 ജൂലായില്‍ ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് ഹോര്‍ളിക്‌സില്‍ വിഷം കലര്‍ത്തിയെന്നാണ് പരാതി. ഭാര്യ ശിവകാശി സ്വദേശിയാണ്. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ളിക്‌സ് കഴിച്ച ശേഷം പുറത്ത് പോയപ്പോള്‍ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പാറശാല ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിയുകയും ചെയ്തുവെന്ന് സുധീര്‍ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്‌ഫെയ്ഡും കണ്ടെത്തിയത്.
വിഷം തമിഴ്‌നാട്ടില്‍ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീർ പറയുന്നത്. അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുധീര്‍ പറയുന്നു. ഭാര്യ വീട്ടില്‍ നിന്ന് പോയ ശേഷം ഇവരുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനായി പരിശോധിച്ചപ്പോഴാണ് വിഷം കണ്ടെത്തിയത്. അലുമിനിയം ഫോസ്‌ഫെയ്ഡ് ഉള്ളില്‍ചെന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സുധീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.