ഗതാഗത മന്ത്രി ശ്രീ. കെ.ബി ഗണേഷ് കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം 

ഹിറ്റായി കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ; 21 പുതിയ കാറുകൾ കൂടി വാങ്ങി

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പുതിയ 21 കാറുകൾ കൂടി വാങ്ങി. ഗതാഗത മന്ത്രി ശ്രി.കെ.ബി. ഗണേഷ് കുമാറാണ് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിച്ചത്. കുറഞ്ഞ ചിലവിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഡ്രൈവിങ് പഠിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതി ജനങ്ങൾ ഏറ്റുപിടിച്ചതോടെ വൻ ഹിറ്റായി മാറി.

ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന കാറുകളുടെ ഫ്ലാഗ് ഓഫ് കെ.എസ്.ർ.ടി.സി സി.എം.ഡി പ്രമോദ് ശങ്കർ നിർവഹിച്ചു. നിലവിൽ തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളേജിലുൾപ്പെടെ ഒൻപത് ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 12 സ്ഥലങ്ങളിലായി പുതിയ ഡ്രൈവിങ് സ്കൂൾ തുടങ്ങുമെന്നും പ്രമോദ് ശങ്കർ അറിയിച്ചു.


ഒരു ബൃഹത് പദ്ധതിക്ക് തുടക്കം കുറിച്ച കെ.എസ്.ർ.ടി.സിക്ക് വൻ ലാഭമാണ് ഡ്രൈവിങ് സ്കൂൾ സമ്മാനിക്കുന്നത്. മികച്ച പരിശീലനം നടത്തുന്നതിലും കെ.എസ്.ആർ.ടി.സി വിജയിച്ചു. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന്റെ വിജയ ശതമാനം 55 ആണെങ്കിൽ കെ.എസ്.ആർ.ടി.സിയുടേത് 80 ശതമാനത്തിന് മേലെയാണ്.

എസ്.ടി.സിയെ കൂടാതെ വിതുര, ചാത്തന്നൂർ, ചടയമംഗലം, ആറ്റിങ്ങൽ, എടപ്പാൾ, ചിറ്റൂർ, ചാലക്കുടി, മാനന്തവാടി എന്നിവിടങ്ങളിൽ ഡ്രൈവിങ് സ്കൂളുകളുണ്ട്. കാട്ടാക്കട, മാവേലിക്കര, നിലമ്പുർ, പയ്യന്നൂർ, പൊന്നാനി, എടത്വ, പാറശ്ശാല, പാപ്പനംകോട്, പൂവാർ, നെടുമങ്ങാട് എന്നിവിടങ്ങളിൽക്കൂടി പുതിയ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കും.

ഫോർ വീൽ വാഹനങ്ങൾക്കും ഹെവി ഡ്രൈവിങ് പരിശീലനത്തിനും 9000 രൂപ മാത്രമാണ് കെ.എസ്.ആർ.ടി.സിയുടെ ഫീസ്. ഗിയർ ഉള്ളതും, ഇല്ലാത്തതുമായ ഇരുചക്ര വാഹങ്ങൾക്ക് 3500 രൂപയുമാണ്. കാറും ഇരുചക്ര വാഹനവും ഒരുമിച്ചാണെകിൽ 11,000 രൂപയെന്ന പ്രത്യേക പാക്കേജുമുണ്ട്. ഇത് സ്വകാര്യ മേഖലയെ അപേക്ഷിച്ച് 40 ശതമാനം വരെ ഇളവ് നൽകുന്നു. 

Tags:    
News Summary - KSRTC Driving School became a hit; 21 more new cars were bought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.