കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: റ്റി.ഡി.എഫിന്‍റെ നിരാഹാരസമരം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം തിങ്കളാഴ്ച മുതൽ റിലേ നിരാഹാര സമരമെന്ന രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് റ്റി.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും മുന്‍ എം.എൽ.എയുമായ തമ്പാനൂര്‍ രവി. രാവിലെ ഒമ്പത് മുതല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍റെയും ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയന്‍റെയും ജനറല്‍ സെക്രട്ടറിമാരായ ആർ. ശശിധരനും റ്റി. സോണിയും ആരംഭിക്കുന്ന റിലെ നിരാഹാരസമരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. വി.എസ് ശിവകുമാര്‍, എം. വിന്‍സന്‍റ് എം.എല്‍.എ ഉള്‍പ്പെടെ പ്രമുഖ യു.ഡി.എഫ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.

കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും അ‍ഞ്ചാം തീയതിക്ക് മുമ്പായി നല്‍കുക, സിഫ്റ്റ് കമ്പനി പിന്‍വലിക്കുക, ശമ്പള കരാര്‍ പൂര്‍ണമായി നടപ്പാക്കുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്‍റെ പേരില്‍ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം ജൂണ്‍ 6ന് ആരംഭിച്ചത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുകയും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളെ നിരന്തരം പീഡിപ്പിക്കുകയും ഈ പൊതുമേഖല സ്ഥാപനത്തെ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കുകയുമാണ് ചെയ്യുന്നത്. തൊഴില്‍ നിയമങ്ങളും കോടതിവിധികളും കരാറുകളും കാറ്റില്‍പ്പറത്തി തൊഴിലാളികളെ അപമാനിക്കുന്ന നടപടികളാണ് സര്‍ക്കാരിന്‍റെയും മനേജ്മെന്‍റിന്‍റെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും തമ്പാനൂര്‍ രവി ചൂണ്ടിക്കാട്ടി.

ഈ മാസം ശമ്പളം ലഭിച്ചത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും എല്ലാ ആവശ്യങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സമരം ശക്തിയായി തുടരുമെന്നും തമ്പാനൂര്‍ രവി വ്യക്തമാക്കി. അടിയന്തര ഇടപെടൽ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തമ്പാനൂര്‍ രവി കത്ത് നല്‍കി.

News Summary - KSRTC crisis: TDF hunger strike will start from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.