ശമ്പളം മുടങ്ങി; ജീവനക്കാർ കൗണ്ടർ പൂട്ടി, കോഴിക്കോട്ട് കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് മുടങ്ങി

കോഴിക്കോട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതോടെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിലെ കൊറിയർ ആന്‍റ് ലോജിസ്റ്റിക്സ് സർവീസ് അടച്ചു. "ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ കൗണ്ടർ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നു" എന്ന് വാതിലിനു മുകളിൽ എഴുതിവെച്ച് കൗണ്ടർ അടച്ചുപൂട്ടിയാണ് ജീവനക്കാർ മടങ്ങിയത്. ഉപഭോക്താക്കൾ കൊറിയർ അയക്കാൻ ഏൽപ്പിച്ച ലഗേജുകൾ അന്വേഷണ കൗണ്ടറിനു മുന്നിൽ അലക്ഷ്യമായിട്ടിരിക്കുകയാണ്. ഇതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് അയച്ച കൊറിയർ സ്വീകരിക്കാനെത്തുന്നവർ അവ സ്വീകരിക്കാൻ കഴിയാതെ പ്രിതിസന്ധിയിലായി. നാലുദിവസമായി കൗണ്ടർ അടച്ചിട്ടിരിക്കുകയാണ്. രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടെന്നാണ് വിവരം. ഇതോടെ ജീവനക്കാർ ജോലിഅവസാനിപ്പിച്ച് മടങ്ങുകായിരുന്നു.

ഉപഭോക്താക്കള്‍ക്ക് വിളിക്കാൻ ഒരു നമ്പർ കൂടി എഴുതിവെച്ചാണ് ജീവനക്കാർ പോയത്. അന്ധ്രക്കാരാനായ മാനേജറുടെ നമ്പറിൽ വിളിക്കുമ്പോൾ ഫോണ്‍ എടുക്കുന്നില്ലെന്നും എടുത്താൽ തന്നെ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഉപഭോക്താക്കൾ പറയുന്നു. ഇതോടെ കൊറിയർ സ്വീകരിക്കാനെത്തുന്നവർ കെ.എസ്.ആർ.ടി.സി ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്യുന്നുണ്ട്.

അതേസമയം നടത്തിപ്പ് സ്വകാര്യ കമ്പനി ഏറ്റെടുത്തിരിക്കുകയാണെന്നും തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് കൈയൊഴിയുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ. മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കൊറിയർ സർവീസ് സ്വകാര്യ കമ്പനിയെ ഏർപ്പിച്ചതിന് ശേഷമാണ് താളംതെറ്റിയത്. കൊറിയർ കൃത്യമായി ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇക്കഴിഞ്ഞ ഫ്രബ്രുവരിയിലും കോഴിക്കോട്ട് ഡിപ്പോയിൽ ജീവനക്കാരില്ലാത്തതിനാൽ കൊറിയർ സർവീസ് മുടങ്ങുകയും ഉപഭോക്താക്കൾ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കൾ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകയും തുടർന്ന് മന്ത്രിയുടെ ഒഫീസ് ഇടപെട്ട് മറ്റ് ജില്ലകളിൽ നിന്ന് ജീവനക്കാരെ എത്തിച്ച് ഉപഭോക്താക്കൾക്ക് കൊറിയർ എടുത്ത്കൊടുത്ത് പ്രശ്നം പരിഹരിക്കുകയുമായിരുന്നു. 

Tags:    
News Summary - KSRTC courier service in Kozhikode suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.