തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർഥികളുടെ യാത്രാ പാസ്സ് പുതുക്കാനുള്ള ഓൺലൈൻ നിരക്ക് 10 രൂപയിൽ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കി ഉയർത്തിയ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത്. നിരക്ക് പതിനൊന്നിരട്ടിയോളം കുത്തനെ കൂട്ടിയ അധികൃതരുടെ പുതിയ നീക്കം വിദ്യാർഥികളോടുള്ള വഞ്ചനയാണെന്നും ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളോട് കാണിക്കുന്ന കടുത്ത നീതികേടാണെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
കേരളത്തിൽ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് സ്കൂളുകളിലും കോളേജുകളിലും പോകുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ചെറിയ തുകയ്ക്ക് യാത്രാ പാസ്സ് നൽകിക്കൊണ്ട് വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ അമിത ചാർജ് വർധനവ് വിദ്യാർഥികളുടെ യാത്രാവകാശത്തെത്തന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്ന് സംഘടന വ്യക്തമാക്കി. വിദ്യാർഥി വിരുദ്ധമായ ഈ വഞ്ചനാപരമായ തീരുമാനം അടിയന്തരമായി പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകണമെന്നും, അല്ലാത്തപക്ഷം കേരളത്തിലെ വിദ്യാർഥി സമൂഹത്തെയാകെ അണിനിരത്തി ശക്തമായ യാത്രാവകാശ പോരാട്ടത്തിന് നേതൃത്വം നൽകുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.