‘രിസാല ​ലേഖനത്തിനെതിരെ തെറിയുമായി അമറുന്ന എല്ലാ സഖാക്കളോടും ഒന്നേ പറയാനുള്ളൂ: സുഹൃത്തുക്കളേ, അത് അശ്ലീലമാണ്’ -മുഹമ്മദലി കിനാലൂർ

കോഴിക്കോട്: എ.പി വിഭാഗം പ്രസിദ്ധീകരണമായ രിസാല അപ്ഡേറ്റിനെതിരെ സി.പി.എം നേതാക്കളും സൈബർ അണികളും നടത്തുന്ന വിമർശനങ്ങൾ അശ്ലീലമാണെന്ന് കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി കിനാലൂർ. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ പേജിലെ മുഹമ്മദ് സിയാനെ കുറിച്ച് സഞ്ജയൻ എന്നപേരിൽ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി രിസാലക്കെതിരെ കടുത്ത സൈബറാക്രമണമാണ് നടക്കുന്നത്.

കുട്ടി സഖാവ് എന്ന അക്കൗണ്ട് പൂട്ടിയത് മെറ്റയുടെ തീരുമാനമാണെന്നും സിയാന്റെ കവിളില്‍ക്കുത്തി കരയിക്കാതെ മുതിര്‍ന്നവര്‍ അവനെ ഇക്കാര്യം പറഞ്ഞ് മനസിലാക്കണമെന്നുമായിരുന്നു ലേഖനത്തിലെ പരാമർശം. ‘ഇതിനെതിരെ തെറിയുമായി സോഷ്യൽ മീഡിയയിൽ അമറുന്ന അംഗത്വമുള്ളവരും അല്ലാത്തവരുമായ എല്ലാ സഖാക്കളോടും അതുതന്നെയേ പറയാനുള്ളൂ: 'സുഹൃത്തുക്കളേ, അത് അശ്ലീലമാണ്'. ആ അശ്ലീലത്തിന്റെ അങ്ങേയറ്റമാണ് നിങ്ങളിൽ പലരും ആ കമന്റ് ബോക്‌സിലും പുറത്തും എഴുതിവിട്ട വാക്കുകൾ’ -മുഹമ്മദലി കിനാലൂർ ​ഫേസ്ബുക് കുറിപ്പിൽ എഴുതി.

ലേഖനത്തിനെതിരെ രംഗത്തുവന്ന എ.പി വിഭാഗം സുന്നികളെ കുറിപ്പിൽ രൂക്ഷമായി വിമർശിച്ചു. ഉള്ളിൽ ചെങ്കൊടി മാത്രം കൊണ്ടുനടക്കുന്നവരാണ് അവരെന്നും ജനാധിപത്യം എന്താണെന്ന് അറിയാത്തവരാണെന്നും മുഹമ്മദലി പറഞ്ഞു. ‘സംവാദം എന്തെന്ന് കേട്ടറിവ് പോലുമില്ലാത്തവരാണ്. അടിമത്തം നിയമപരമായി നിരോധിച്ചിട്ടും സ്വയം അടിമത്തം വരിച്ചവരാണ്. പാർട്ടിക്ക് വോട്ടു മാത്രമല്ല മനസും കൊടുത്തു കഴിഞ്ഞതാണ് അവർ. ഇനി സ്വസ്ഥം അടിമ ജീവിതം. അതുകൊണ്ട് അവരെ വിട്ടേക്കുന്നു’ -കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

സഞ്ജയന്റെ അപ്ഡേറ്റ് ലേഖനം അംഗത്വമുള്ള സഖാക്കളെയും അംഗത്വമില്ലാത്ത സഖാക്കളെയും ഒരുപോലെ പ്രകോപിപ്പിച്ചു. അവരിൽ പലരും ആ ലേഖനം വായിച്ചിട്ടേ ഇല്ലെന്നു കമന്റ് ബോക്സ് വിളിച്ചുപറഞ്ഞു. തെറികൾ, അധിക്ഷേപങ്ങൾ, പുലഭ്യം പറച്ചിലുകൾ- എല്ലാമുണ്ടായിരുന്നു അതിന്റെ കമന്റ് ബോക്‌സിൽ. (എന്റെ കമന്റ് ബോക്‌സിൽ അത് പതിവാകയാൽ എനിക്കത് ശീലമായി. അതുകൊണ്ട് കമന്റ് ബോക്സ് വായിച്ചു ഞെട്ടാറില്ല).

അതിനിടയിൽ കണ്ട കൗതുകമുള്ള കാര്യം, സഞ്ജയന്റെ ലേഖനം സമസ്‌തയുടെ നിലപാട് അല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ചിലർ രംഗത്തുവന്നു എന്നതാണ്. അവർ ചെയ്യുന്നതും പറയുന്നതുമൊക്കെ സമസ്‌തയുടെ നിലപാടാണ് എന്ന് തോന്നും പറച്ചിൽ കണ്ടാൽ. (അക്കൂട്ടത്തിലെ ചിലരെ കണ്ട് ചിരിയടക്കാനായില്ല എന്നത് വേറെകാര്യം. അതിലേക്ക് കടക്കുന്നില്ല). അതൊക്കെ വാർത്തയാക്കാൻ പാർട്ടി ഫണ്ട് ചെയ്യുന്ന ഒരു തൊപ്പിയില്ലാ പോർട്ടലും. കൂട്ടുകൃഷി നടക്കട്ടേ. പക്ഷേ സമസ്‌തയുടെ കാര്യം പറയാൻ മഹാപണ്ഡിതരുണ്ട്. അത് അവർക്ക് വിട്ടുകൊടുക്കണം എന്നാണ് ഇക്കൂട്ടരോടുള്ള വിനയപൂർവമായ അഭ്യർഥന. നിങ്ങളുടെ പാർട്ടിയുടെ കാര്യം നിങ്ങൾ പറഞ്ഞോളൂ. അതിൽ വേറെ ആരും ഇടപെടില്ല. അതല്ലേ അതിന്റെ ശരി.

സഞ്ജയൻ എന്നല്ല, രിസാലയിലോ അപ്‌ഡേറ്റിലോ സിറാജിലോ ലേഖനം എഴുതുന്ന ഒരാളും ഞാൻ സമസ്‌തയുടെ അഭിപ്രായമാണ് പറയുന്നത് എന്നവകാശപ്പെടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പ്രസിദ്ധീകരണത്തിന്, അത് പ്രിന്റ് ആയാലും ഓൺലൈൻ ആയാലും, സ്വന്തമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനു എഡിറ്റോറിയൽ ഉപയോഗിക്കും. അതിനു സ്ഥാപനപരമായ ആധികാരികത ഉണ്ടാകും. പത്രത്തിലോ ഓൺലൈൻ ഇടത്തിലോ പ്രസ്ഥാനത്തിന്റെ സംസ്ഥാന സാരഥികൾ എഴുതുന്ന കുറിപ്പുകൾക്കും സംഘടനാപരമായ ആധികാരികത ഉണ്ടാകും. അതല്ലാത്ത ഏതെഴുത്തും നമ്മുടെ സംവാദ സംസ്‌കാരത്തിലേക്ക് ചേർത്തുവായിക്കുകയാണ് ബുദ്ധിയുള്ളവർ ചെയ്യുക. ആ സംവാദത്തിൽ ഇടപെടാൻ ബൗദ്ധിക വളർച്ചയുള്ളവർ അതിൽ പങ്കാളികളാകും. അതില്ലാത്തവർ ലേഖനം വായിച്ചും വായിക്കാതെയും അധിക്ഷേപിക്കാനിറങ്ങും.

കുട്ടികൾ സംഘടനകളിൽ പ്രവർത്തിക്കരുത് എന്ന് ആ ലേഖനത്തിൽ ഉണ്ടോ? ഇല്ല.

അവർ സിപിഎമ്മിനു വേണ്ടി സംസാരിക്കുന്നതിനെ വിമർശിക്കുന്ന എന്തെങ്കിലും ആ വരികളിൽ ഉണ്ടോ? ഇല്ല.

ഉള്ളത് എന്താണ്? അതുകൂടി ഇവിടെ എഴുതി, വായിക്കാതെ വിമർശം ഉന്നയിക്കുന്നവരെ സഹായിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതിലുള്ള ഒന്നുരണ്ടു വാചകങ്ങൾ മാത്രം ഇവിടെ ചേർക്കാം: "സിയാൻ കുട്ടിയാണ്. എട്ടു വയസ്സേയുള്ളൂ. ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമാകാനുള്ള പ്രായമല്ല അവൻ. ഇൻസ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്‌ഫോമാണ്. കുട്ടികൾ അതുപയോഗിക്കുന്നതിന് മെറ്റയ്ക്ക് കടുത്ത നിയന്ത്രണമുണ്ട്. മെറ്റ ഒരു കച്ചവട സ്ഥാപനമാണ്. അവരുടെ ഉൽപന്നമാണ് ഇൻസ്റ്റഗ്രാം. അക്കൗണ്ട് നീക്കി എങ്കിൽ അത് അവരുടെ തീരുമാനമാണ്. സിയാന്റെ കവിളിൽകുത്തി കരയിപ്പിക്കാതെ മുതിർന്നവർ ഇക്കാര്യം അവനെ പറഞ്ഞു മനസ്സിലാക്കണം. ഇനി അവനെ നവമാധ്യമത്തിൽ വിൽക്കാൻ വെച്ചത് അവന്റെ മാതാപിതാക്കൾ ആണെങ്കിൽ അവരെ തിരുത്തണം. മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്തുകാണുമ്പോൾ ഒരു കാഴ്ചബംഗ്ലാവ് കൗതുകം തോന്നും. പക്ഷേ, സുഹൃത്തുക്കളേ അത് അശ്ലീലമാണ്".

ബാക്കി വരികൾ അവിടെത്തന്നെ പോയി വായിക്കട്ടെ, സംവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നവർ.. അതിനുപോലും സമയം കണ്ടെത്താതെ തെറിയുമായി സോഷ്യൽ മീഡിയയിൽ അമറുന്ന അംഗത്വമുള്ളവരും അല്ലാത്തവരുമായ എല്ലാ സഖാക്കളോടും അതുതന്നെയേ പറയാനുള്ളൂ: 'സുഹൃത്തുക്കളേ, അത് അശ്ലീലമാണ്'. ആ അശ്ലീലത്തിന്റെ അങ്ങേയറ്റമാണ് നിങ്ങളിൽ പലരും ആ കമന്റ് ബോക്‌സിലും പുറത്തും എഴുതിവിട്ട വാക്കുകൾ.

കോൺഗ്രസിനെ വിമർശിക്കുന്ന, മുസ്‌ലിം ലീഗിനെ വിമർശിക്കുന്ന, ബിജെപിയെ വിമർശിക്കുന്ന എത്രയോ ലേഖനങ്ങൾ രിസാലയിലും അപ്‌ഡേറ്റിലും വായിച്ചിട്ടുണ്ട്. സഞ്ജയൻ തന്നെ എഴുതിയിട്ടുണ്ട്. ആ പാർട്ടികൾക്ക് ഒന്നുമില്ലാത്ത പ്രിവിലേജ് സി പി എമ്മിനുണ്ട് എന്ന് സഞ്ജയനും രിസാല അധികൃതരും കരുതുന്നുണ്ടാകില്ല. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്ന ലേഖനം ഒരു സിപിഎം വിമർശന ലേഖനം പോലുമല്ല. എന്നിട്ടും എന്തിനാണ് ഈ ഹാലിളക്കം എന്ന് മനസ്സിലാകുന്നില്ല. മാർക്സിസ്റ്റ് സഖാക്കൾക്ക് അതിൽ നൊന്തതാണ് എന്നെ അതിശയിപ്പിച്ചത്. കാരണം അവർ ജനാധിപത്യ പ്രൊസെസിലൂടെ കടന്നുപോകുന്നവരാണ്. അവർക്ക് ഒരു ലേഖനത്തെ ലേഖനമായി കാണാൻ കഴിയുന്നില്ലെങ്കിൽ അവർ പരിശീലിക്കുന്ന ജനാധിപത്യത്തിന് കാര്യമായ എന്തോ തകരാറുണ്ട്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. സംവാദരഹിത മാർക്സിസം എന്നത് ആലോചിക്കാൻ പോലുമാകുന്നില്ല.

മാർഗം കൂടിയ സഖാക്കൾ ആ ലേഖനത്തിനെതിരെ പടയെടുത്തു വന്നതിൽ എനിക്ക് ഒരതിശയവും ഇല്ല. ഉള്ളിൽ ചെങ്കൊടി മാത്രം കൊണ്ടുനടക്കുന്നവരാണ് അവർ. ജനാധിപത്യം എന്താണ് എന്ന് അറിയാത്തവരാണ്, സംവാദം എന്തെന്ന് കേട്ടറിവ് പോലുമില്ലാത്തവരാണ്. അടിമത്തം നിയമപരമായി നിരോധിച്ചിട്ടും സ്വയം അടിമത്തം വരിച്ചവരാണ്. പാർട്ടിക്ക് വോട്ടു മാത്രമല്ല മനസും കൊടുത്തു കഴിഞ്ഞതാണ് അവർ. ഇനി സ്വസ്ഥം അടിമ ജീവിതം. അതുകൊണ്ട് അവരെ വിട്ടേക്കുന്നു.

പക്ഷേ പാർട്ടി അംഗത്വമുള്ള സഖാക്കളേ, നിങ്ങളീ കളിക്കിറങ്ങരുത്. കാരണം നിങ്ങളൊരു ജനാധിപത്യ പ്രസ്ഥാനമാണ്. അല്ലെങ്കിൽ അങ്ങനെയാണ് ഞങ്ങൾ മലയാളികൾ നിങ്ങളെ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് സഞ്ജയൻ ഇനിയും എഴുതട്ടെ. പാർട്ടികളെ വിമർശിക്കട്ടെ, രാഷ്ട്രീയം പറയട്ടെ. ഇതുപോലുള്ള സാമൂഹിക പ്രധാനമായ ചൂണ്ടിക്കാട്ടലുകൾ നടത്തട്ടെ. നമുക്കത് വായിക്കാം, സംവദിക്കാം, വിയോജിക്കുമ്പോഴും മാന്യമാകാം. ജനാധിപത്യത്തിന് മാന്യന്മാരുടെ രാഷ്ട്രീയം എന്നൊരു വിശേഷണം കൂടിയുണ്ടല്ലോ. നമുക്കത് മറക്കാതിരിക്കാം.


Tags:    
News Summary - Muhammedali Kinaloor’s Response to the Cyber Attack on Risala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.