കെ.എസ്.ആർ.ടി.സി; 1000 റൂട്ടുകൾ സ്വകാര്യമേഖലക്ക്

തിരുവനന്തപുരം: ജനകീയ സദസ്സിന്‍റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ 1000ത്തോളം റൂട്ടുകൾ സ്വകാര്യമേഖലക്ക് തീറെഴുതാനൊരുങ്ങുന്നു. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അവകാശമുള്ള റൂട്ടുകളിലടക്കം സ്വകാര്യ ബസുകൾക്ക്​ കയറാൻ അവസരം നൽകുംവിധത്തിലാണ് ഗതാഗത വകുപ്പിന്‍റെ കുറുക്കുവഴി നീക്കം. കിലോമീറ്ററിൽ 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാൻ ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹികപ്രതിബന്ധതയുടെ പേരിൽ നടത്തിയിരുന്ന സർവിസുകളെല്ലാം നിലച്ചു. ഫലത്തിൽ യാത്രാക്ലേശം രൂക്ഷമായി. ഇതിന്‍റെ മറവിലാണ് നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജനകീയ സദസ്സുകൾ സംഘടിപ്പിക്കുകയും റൂട്ട് ശിപാർശകൾ ജനങ്ങളിൽനിന്ന് സ്വീകരിക്കുകയും ചെയ്തത്. ഇതിൽ പലതും കെ.എസ്.ആർ.ടി.സി നേരത്തെ ഓടിയിരുന്നതാണ്.

മറ്റുചിലതാകട്ടെ കെ.എസ്.ആർ.ടി.സിക്ക് ഓടാൻ കഴിയുന്നതായിട്ടും പെർമിറ്റ് തയാറാക്കി സ്വകാര്യ ബസുകൾക്ക് നൽകാനാണ് നീക്കം. ജനകീയ സദസ്സിൽ ഉയർന്ന റൂട്ടുകളല്ല പലയിടങ്ങളിലും പെർമിറ്റായി മാറിയത്. പലറൂട്ടുകൾ നിന്നും കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി സ്വകാര്യ ബസുകൾക്ക് നൽകുന്ന നിലയുമുണ്ട്.

ഇതിനോടകം എല്ലാ ജില്ലകളിലും സ്വകാര്യ ബസുകൾക്ക് നൽകാനായി റൂട്ടുകളും തയാറായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരെ പങ്കെടുപ്പിച്ച് ജില്ലകളിൽ യോഗം ചേർന്നിരുന്നു. പുതിയ പെർമിറ്റുകൾ വായിച്ചതല്ലാതെ, കെ.എസ്.ആർ.ടി.സിക്ക് ഇതിന്‍റെ പകർപ്പ് നൽകാൻ അധികൃതർ തയാറായില്ല. കെ.എസ്.ആർ.ടി.സിയിൽനിന്ന് എതിർപ്പുയരുമെന്നതാണ് റൂട്ട് രഹസ്യമാക്കി വെക്കാൻ കാരണം.

എൻ.എച്ചും എം.സിയുമടക്കം കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ അഞ്ച്​ കിലോമീറ്റർ മാത്രമാണ് സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദമുള്ളത്. കോട്ടയത്ത് ജനകീയ സദസ്സിന്‍റെ പേരിൽ തയാറാക്കിയ 92 റൂട്ടുകളിലൊന്ന് കെ.എസ്.ആർ.ടി.സിക്ക് മാത്രം ഓടാൻ അധികാരമുള്ള നോട്ടിഫൈഡ് റൂട്ടിൽ സ്വകാര്യ ഓപറേറ്റർക്ക് 17 കിലോമീറ്ററിൽ കൂടുതൽ ഓടാൻ അനുവാദം നൽകുംവിധത്തിലാണ്.

കെ.എസ്.ആർ.ടി.സി ലാഭകരമായി ഓടിയിരുന്ന ചെയിൻ സർവിസുകളായ കുളത്തൂപ്പുഴ-പുനലൂർ, പുനലൂർ-കായംകുളം റൂട്ടുകളിലടക്കം സ്വകാര്യ ബസുകൾ ഓടിത്തുടങ്ങിയിരുന്നു. 2021 വരെ സ്വകാര്യ ബസുകൾക്ക് 100 മീറ്റർ പോലും പ്രവേശനമില്ലാതിരുന്ന ഈ റൂട്ടിലാണ് വരുമാനം കുറഞ്ഞ ബസുകൾ കെ.എസ്.ആർ.ടി.സി പിൻവലിച്ച വിടവിൽ സ്വകാര്യ ബസുകൾ കടന്നുകയറിയത്. 

Tags:    
News Summary - KSRTC; 1000 routes for private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.