തിരുവനന്തപുരം: കഴിഞ്ഞ വർഷം വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത വർധിച്ചതുമൂലമുള്ള നഷ്ടം നികത്താൻ യൂനിറ്റിന് 32 പൈസ ഇന്ധന സർച്ചാർജ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. 2023-24 സാമ്പത്തിക വർഷം ജലവൈദ്യുതി ഉൽപാദനത്തിലെ കുറവിന്റെ ഫലമായി അധിക വൈദ്യുതി വാങ്ങലിനുണ്ടായ 745.86 കോടി രൂപയുടെ സാമ്പത്തിക ബാധ്യത നികത്താനാണിത്. സെസ് പിരിവിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. ഇതുസംബന്ധിച്ച അപേക്ഷയിൽ കമീഷൻ 27ന് തെളിവെടുപ്പ് നടത്തും.
2021ലെ വൈദ്യുതി റെഗുലേറ്ററി കമീഷൻ (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) റെഗുലേഷൻസ് -88 അനുസരിച്ച് 2024 ഡിസംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ യൂനിറ്റിന് 32 പൈസ എന്ന നിരക്കിൽ ഈടാക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. വൈദ്യുതി നിരക്ക് വർധന കഴിഞ്ഞ വർഷവും ഈ വർഷവും നടപ്പാക്കിയ സാഹചര്യത്തിൽ കെ.എസ്.ഇ.ബി ആവശ്യം അതേപടി അംഗീകരിക്കാനിടയില്ല.
2023-24 വർഷത്തിൽ മഴയുടെ ലഭ്യത കുറഞ്ഞതുമൂലം ആഭ്യന്തര ഉൽപാദനത്തിൽ വന്ന കുറവും ഉയർന്ന നിരക്കിൽ താപവൈദ്യുതി വാങ്ങിയത് മൂലമുള്ള പ്രതിസന്ധിയും മറികടക്കാൻ ഇന്ധന സർച്ചാർജ് വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.
പവർ എക്സ്ചേഞ്ച് വഴിയും ഹ്രസ്വകാല കരാറുകൾ വഴിയും വാങ്ങിയ വൈദ്യുതിയിലൂടെയാണ് പ്രധാനമായും ജല ഉൽപാദനത്തിലെ കുറവ് നികത്തിയതെന്നും 32 പൈസ സെസ് ആവശ്യപ്പെടാനുള്ള കാരണമായി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇന്ധന സെസ് വർധനക്കെതിരെ ഉപഭോക്താക്കളുടെ സംഘടനകൾ കമീഷൻ തെളിവെടുപ്പിൽ പ്രതിഷേധമുയർത്താനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.