പാലക്കാട്: കെ.എസ്.ഇ.ബി 635 കോടി രൂപ ലാഭത്തിലെന്ന് 2024-25 സാമ്പത്തികവർഷത്തെ സാമ്പത്തികാവലോകന രേഖ. കഴിഞ്ഞ വർഷത്തെ 534.01 കോടി രൂപയുടെ നഷ്ടക്കണക്കിൽനിന്നാണ് 635.41 കോടി രൂപ ലാഭത്തിൽ എത്തിയത്. 2023ലെ നഷ്ടത്തുകയായ 752.52 കോടി നൽകിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിയെ നഷ്ടത്തിൽനിന്ന് 218.51 കോടി രൂപയുടെ ലാഭത്തിലേക്ക് സർക്കാർ കരകയറ്റിയത്.
എന്നാൽ, ഇത്തവണ ഏപ്രിൽ ആദ്യവാരം 494.28 കോടി രൂപ കെ.എസ്.ഇ.ബിക്കായി സർക്കാർ ട്രഷറിയിലിട്ട് തിരിച്ചെടുത്ത് കബളിപ്പിക്കുകയായിരുന്നു. ഇക്കാര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുക ഇതുവരെയും ലഭിച്ചില്ലെന്ന് കെ.എസ്.ഇ.ബി സാമ്പത്തിക അവലോകന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഇതുകൂടി ലഭിച്ചിരുന്നെങ്കിൽ 1129 കോടി രൂപയുടെ ലാഭത്തിലെത്തിയേനെ. 2024 മാർച്ച് 31നെ അപേക്ഷിച്ച് കെ.എസ്.ഇ.ബിക്ക് കഴിഞ്ഞ സാമ്പത്തികവർഷം 400 കോടിയിലേറെ രൂപയുടെ വരുമാനവർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 22,202 കോടി രൂപയാണ് ഈ വർഷത്തെ വരുമാനം. ചെലവിനത്തിൽ 768 കോടിയുടെ കുറവും വന്നു. 22,336.49 രൂപയായിരുന്നു കഴിഞ്ഞ വർഷം ചെലവിനത്തിൽ കാണിച്ചതെങ്കിൽ ഈ വർഷം ഇത് 21567.54 ആയി കുറഞ്ഞു.
വൈദ്യുതി വാങ്ങാൻ 2024 മാർച്ച് 31 വരെ 12,982.59 കോടി ചെലവിട്ടിരുന്നെങ്കിൽ ഈ വർഷം 12,554.73 കോടിയായി കുറഞ്ഞു. അതായത്, 427.86 കോടിയുടെ കുറവുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പിന്നീട് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ (സ്വാപ്) വൈദ്യുതി വാങ്ങുന്ന രീതി കൊണ്ടുവന്നതാണ് ചെലവ് ചുരുങ്ങാനിടയാക്കിയത്. 2024ലെ വേനൽ ശക്തമായിരുന്നിട്ടും അധികം പണച്ചെലവില്ലാതെ പിന്നീട് നൽകാമെന്ന ധാരണയിൽ വൈദ്യുതി എത്തിക്കാനായി.
15ാം ധനകമീഷന്റെ ശിപാർശയിൽ 2022-23 മുതലാണ് വർഷംതോറും കെ.എസ്.ഇ.ബിയുടെ നിശ്ചിത ശതമാനം നഷ്ടം ഏറ്റെടുത്താൻ സംസ്ഥാന സർക്കാറിന് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ അര ശതമാനംകൂടി കടമെടുക്കാൻ അർഹത ലഭിക്കുമെന്ന വാഗ്ദാനമെത്തിയത്. ഇതനുസരിച്ച് രണ്ടുവർഷമായി സംസ്ഥാന സർക്കാർ ആനുകൂല്യം നേടി.
2023-24ലെ നഷ്ടമായ 534.21 കോടി രൂപയുടെ 90 ശതമാനമായ 494.28 കോടി സംസ്ഥാനം കെ.എസ്.ഇ.ബിക്ക് നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ തുക ഏപ്രിലിൽ സർക്കാർ ട്രഷറിയിൽ കെ.എസ്.ഇ.ബിക്കായി നിക്ഷേപിച്ചെങ്കിലും തിരിച്ചെടുത്തു. മാത്രമല്ല, കെ.എസ്.ഇ.ബിയുടെ നഷ്ടം ഏറ്റെടുത്തെന്ന് ധരിപ്പിച്ച് ഈ വർഷം കേന്ദ്രത്തിൽനിന്ന് അധിക കടമെടുപ്പ് തുകയായ 6250 കോടി രൂപ സർക്കാർ കരസ്ഥമാക്കുകയും ചെയ്തു.
ഈ ലാഭക്കണക്കിനിടെ കൂടുതൽ വൈദ്യുതി ചാർജ് വർധനക്കായി യൂനിറ്റിന് 32 പൈസ കൂട്ടണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചതിൽ പ്രതിഷേധം ശക്തമാണ്. റെഗുലേറ്ററി കമീഷൻ അനുവദിച്ച തുകയേക്കാൾ കൂടുതൽ വൈദ്യുതി വാങ്ങലുകൾ നടത്തുമ്പോഴാണ് ആ തുക തെർമൽ സർച്ചാർജായി റെഗുലേറ്ററി കമീഷനു മുന്നിൽ സമർപ്പിക്കുക. ലാഭത്തിലുള്ള കെ.എസ്.ഇ.ബി എന്തിന് ജനത്തിനുമേൽ അധിക തുക അടിച്ചേൽപിക്കണമെന്നാണ് ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.