പുതുനിയമനങ്ങൾ മരവിപ്പിച്ചു;ആശങ്കയിൽ കെ.എസ്.ഇ.ബി ഉദ്യോഗാർഥികൾ

പാലക്കാട്: പുന:​സംഘടനയുടെ പേരിൽ പുതുനിയമനങ്ങൾ മരവിപ്പിച്ചതോടെ ആശങ്കയിലായി കെ.എസ്.ബി അസി.എഞ്ചിനീയർ റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾ.195 ഒഴിവുകളുണ്ടായിട്ടും കെ.എസ്.ഇ.ബി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത് ആറ് ഒഴിവുകൾ. അതും മുൻ റാങ്ക്‍ ലിസ്റ്റിൽ ഉൾപ്പെട്ടവർ ജോലിയിൽ പ്രവേശിക്കാത്ത ഒഴിവുകളായിരുന്നു ഇവ. പിന്നീട് പുന:ക്രമീകരണത്തിന്റെ പേരിൽ ​കെ.എസ്.ഇ.ബി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് മരവിപ്പിച്ചു. ഇതോടെ 23,855 പേർ അപേക്ഷ നൽകുകയും ഏകദേശം 18000 പേർ പരീക്ഷ എഴുതുകയും ചെയ്ത തസ്തികയുടെ ചുരുക്കപ്പട്ടിക വെട്ടിക്കുറച്ചു. ഇതോടെ ഇക്കഴിഞ്ഞ ആറിന് പുറത്തുവിട്ട ചുരുക്കപ്പട്ടിക പുറത്തുവിട്ടതിൽ ഉൾപ്പെട്ടവരാകട്ടെ 785 പേർ മാത്രം.

സംസ്ഥാന വൈദ്യുതി ബോര്ഡിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഒഴിവുകൾ യഥാക്രമം 10:40:30:20 എന്ന അനുപാതത്തിലാണ് നികത്തുന്നത്. അതായത് സർവീസ് ക്വാട്ട, പി.എസ്‌.സി ഡയറക്ട് ക്വാട്ട, ഡിപ്ലോമ പ്രൊമോഷൻ ക്വാട്ട, ഐ.ടി.ഐ പ്രമോഷൻ ക്വാട്ട എന്നിങ്ങനെയാണിത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കെ.എസ്.ഇ.ബി വിവിധ എൻജിനീയറിങ് തസ്തികകളിൽ നിന്ന് 700 ഓളം ജീവനക്കാർ വിരമിക്കുന്നുണ്ട്. ഈ കൂട്ട വിരമിക്കൽ കൂടി കണക്കിലെടുത്താൽ 2027 ഓടെ റാങ്ക് ലിസ്റ്റ് കാലപരിധി അവസാനിക്കും മുമ്പ് 900 ഓളം അസി.എൻജിനീയർ തസ്തികയുടെ ഒഴിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 സെപ്റ്റംബർ നു ശേഷം ഈ തസ്തികയിൽ പി.എസ്.സി നിയമനം നടന്നിട്ടില്ല.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യത രേഖകളുടെ പരിശോധന നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഒരിക്കൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പിന്നെ മൂന്ന് നാല് വർഷംകഴിഞ്ഞാലേ പുതിയ നിയമനങ്ങൾക്ക് സാധ്യതയുള്ളൂ . ലിസ്റ്റിലുൾപ്പെട്ട പലരും അപേക്ഷ പ്രായം കടന്നുപോകുകയും ചെയ്യുമെന്നാണ് ആശങ്ക. അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ എണ്ണം, കണക്കാക്കുന്നതിന് പുന:സംഘടനക്ക് കലാതാമസം ആകരുതെന്നും 2027വരെ യുണ്ടാകുന്ന ഒഴിവുകൾ മുൻകൂട്ടി കണക്കുകൂട്ടി അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട്‌ ചെയ്യണമെന്ന് കെ എസ് ഇ ബി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ കെ.എസ്.ഇ.ബി മാനേജ് മെന്റിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - KSEB holds new recruitments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.