ജിഷ്ണുവിന്‍െറ മരണം: കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും


തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നെഹ്റു ഗ്രൂപ്  ചെയര്‍മാന്‍ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈകോടതി വിധിക്കെതിരെ അന്വേഷണ സംഘം അപ്പീല്‍ നല്‍കും. അതിന് നടപടി പുരോഗമിക്കുകയാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു. കൃഷ്ണദാസിനെതിരെ മൂന്നാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തതു കൂടി ഉള്‍പ്പെടുത്തിയാവും അപ്പീല്‍ നല്‍കുക. കേസിലെ മറ്റ് പ്രതികള്‍ക്കായി ലുക്ക്ഒൗട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കേസില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും എ.ഐ.എസ്.എഫ് ശനിയാഴ്ച എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.

ജിഷ്ണു മരിച്ച് രണ്ട് മാസമായിട്ടും പ്രതികളില്‍ ഒരാളെപ്പോലും പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി കഴിഞ്ഞമാസം 14ന് ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് പൊലീസ് ആസ്ഥാനത്തുനിന്ന് അനുമതിയും ലഭിച്ചിരുന്നു. എന്നിട്ടും ലുക്ക്ഒൗട്ട് നോട്ടീസ് ഇറക്കിയില്ല. കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റം ചുമത്തിയെങ്കിലും അതിന് ഉപോദ്്ബലക തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും വീഴ്ച വരുത്തിയിരുന്നു.

കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതിയിലുണ്ടെന്നുള്ള ന്യായം പറഞ്ഞാണ് പൊലീസ് ഇതുവരെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാതിരുന്നത്. അതില്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പി.ആര്‍.ഒ കെ.വി. സഞ്ജിത്തിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
മറ്റു മൂന്ന് പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേലും അധ്യാപകരായ സി.പി. പ്രവീണ്‍, ദിപിന്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - krishnadas anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.