പാകിസ്താന്‍ പരാമര്‍ശം; ശശികല വിശദീകരണം നല്‍കി

വല്ലപ്പുഴ: താന്‍ നടത്തിയ പ്രസംഗങ്ങള്‍ വല്ലപ്പുഴയെയും,സ്‌കൂളിനെയും അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. താന്‍ നടത്തിയ പ്രസംഗങ്ങളെകുറിച്ച് സര്‍വ്വകക്ഷിസംഘത്തിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കുകയായിരുന്നു അവർ. നാടിനെയും സ്‌കൂളിനെയും പാകിസ്താനോട് ഉപമിച്ചതാണ് വിവാദമായത്. ശശികലയുടെ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തി നാളെ മുതല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുവാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. അതേസമയം ശശികലയുടെ വർഗീയ പ്രസംഗങ്ങള്‍ക്കെതിരായ നിയമപരമായ പോരാട്ടം തുടരുമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി അറിയിച്ചു. 

ശശികലയെ സ്കൂളിൽ നിന്നും പുറത്താക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂളില്‍  സര്‍വ്വകക്ഷി യോഗം വിളിച്ചത്.

വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ ശശികലക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് പ്രതിഷേധവും തുടങ്ങിയത്. വല്ലപ്പുഴ കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി രൂപീകരിച്ച ജനകീയ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ ശശികലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്തു. ഇതിനിടെ വല്ലപ്പുഴയെ പാകിസ്താനോടുപമിച്ച് വീണ്ടും പ്രസ്താവന നടത്തിയതോടെ പ്രതിഷേധം രൂക്ഷമായി.

ശശികലയുടെ വിശദീകരണം സ്വീകാര്യമായതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് ജനകീയ പ്രതികരണ വേദിയും വ്യക്തമാക്കി. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ നാളെ മുതല്‌ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയാണ് ഇരുകൂട്ടരെയും വിട്ടുവീഴ്ചക്ക് തയാറാകാന്‍ നിര്‍ബന്ധിതമാക്കിയത്. ശശികലയുടെ വിശദീകരണം തൃപ്തികരമാണെന്ന് യോഗത്തില്‍ പങ്കെടുത്ത എസ്ഡിപിഐ ജില്ലാകമ്മിറ്റി അംഗം എം എ സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - kp sasikala explianed his said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.