പി.ടി തോമസ്

നടിയെ ആക്രമിച്ച കേസ്: വിധി ദിനത്തിൽ ഓർമയിൽ പി.ടി; സ്വാധീന ശ്രമങ്ങൾക്ക് വഴങ്ങിയില്ല; മൊഴിയും നിലപാടും നിർണായകമായി

​കൊച്ചി: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കോടതി വിധി പറയുമ്പോൾ ഏവ​രുടെയും ഓർമകളിലെത്തുന്നത് അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ടി തോമസ്. മലയാള ചലച്ചിത്ര മേഖലയുടെ മറ്റൊരു മുഖം തുറന്നുകാട്ടപ്പെടുകയും, രാജ്യവ്യാപകമായി ചർച്ചയാവുകയും ചെയ്ത കേസിൽ വി​ധിയെത്തുമ്പോൾ പക്ഷേ, അത് കേൾക്കാൻ നീതിക്കായി ആത്മാർത്ഥമായി​ പോരാടിയ പി.ടിയില്ല.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട രാത്രി മുതൽ തൃക്കാക്കര എം.എൽ.എ കൂടിയായ പി.ടി തോമസിന്റെ ഇടപെടലുണ്ടായിരുന്നു.

സിനിമ ഷൂട്ടിങ് ആവശ്യത്തിന് തൃശൂരിൽ നിന്നുള്ള യാത്രക്കിടെ എറണാകുളം അത്താണിയിൽ എത്തിയപ്പോഴാണ് നടി വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതിയായ പൾസർ സുനിയുൾപ്പെടെ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത അതിക്രമത്തിനു പിന്നാലെ നടി സഹായം ചോദിച്ച് ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. ലാൽ ഉടൻ വിളിച്ചത് നിർമാതാവ് ആന്റോ ജോസഫിനെ. അദ്ദേഹം, പി.ടി തോമസിനെയും വിളിച്ചു. ഉറങ്ങാൻ കിടന്ന പി.ടി അതിജീവിതയെ നേരിൽ കണ്ട് വിവരങ്ങൾ മനസ്സിലാക്കാനായി ലാലിന്റെ വീട്ടിലേക്ക് ഓടിയെത്തി.

സംഭവത്തിന്റെ ഗൗരവം ഉടൻ തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാവിന്റെ ഇടപെടലായിരുന്നു കേസിനെ വെല്ലുവിളികൾക്കും അട്ടിമറി ശ്രമങ്ങൾക്കുമിടയിൽ സജീവമായി നിർത്തിയതും, ​നിയമപോരാട്ടത്തിന് ഊർജം പകർന്നതും.

ആ രാത്രിയെ കുറിച്ച് പി.ടി തോമസിന്റെ ഭാര്യയും നിലവിലെ എം.എൽ.എയുമായ ഉമാ തോമസ് അടുത്തിടെ പറഞ്ഞത് ഇങ്ങനെ -‘രാത്രി 11.30ഓടെ കിടന്ന ഉടനെയാണ് പി.ടിക്ക് ഫോൺ വരുന്നത്. അദ്ദേഹം ഉടൻ അസ്വസ്ഥനായി. ഒരു സ്ഥലം വരെ പോയി വരാമെന്നു മാത്രം പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. അത്യാവശ്യകാര്യമാണെന്ന് പറഞ്ഞ് അദ്ദേഹം പോയി. രാത്രി തിരിച്ചു വന്നപ്പോൾ പി.ടി കൂടുതൽ അസ്വസ്ഥനായിരുന്നു. അന്ന് പിന്നെ ഉറങ്ങിയിട്ടില്ല. സ്വന്തം മകൾക്ക് സംഭവിച്ചതിന്റെ വേദനയിലായിരുന്നു പി.ടി. അടുത്ത ദിവസം അതിരാവിലെ ആലപ്പുഴക്ക് പോയി. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അന്ന് ഉപവാസത്തിലായിരുന്നു. അവിടെ എത്തിയാണ് ചെന്നിത്തലയെ അറിയിച്ച ശേഷമാണ് പു​റംലോകത്തോട് പറഞ്ഞത്. അതുവരെ ആരും തന്നെ ഇത് അറിഞ്ഞിരുന്നില്ല.

ഇനിയൊരു പെൺകുട്ടിക്കും ഇത്തരത്തിൽ ഒരു അനുഭവമുണ്ടാവരുത് എന്ന് പറഞ്ഞ് പി.ടി തന്നെ ആ രാത്രിയിൽ ​അതിജീവിതക്ക് ധൈര്യം പകർന്നു. ഞാൻ ജീവനോടെയുള്ള കാലം വരെ ​മോൾക്കൊപ്പമുണ്ടാവും. ധീരമായി പോരാടണം എന്നു പറഞ്ഞ് നിയമ പോരാട്ടത്തിന് അവൾക്ക് ധൈര്യം പകർന്നു. പി.ടിയുടെ ഫോണിൽ തന്നെയാണ് ഐ.ജി പി വിജ​യനെ വിളിച്ച് മൊഴിയെടുക്കാനുള്ള സൗകര്യമൊരുക്കി. സത്യം എന്തായാലും ഒരു ദിവസം പുറത്തുവരും എന്നും പെൺകുട്ടിയോട് പറഞ്ഞു.

കേസ് ശക്തമായി വിചാരണ നടപടികൾ ആരംഭിച്ചപ്പോൾ പി.ടിയായിരുന്നു പ്രോസിക്യൂഷന് ബലമായത്. സംഭവത്തിൽ ആദ്യം ഇടപെട്ട ആൾ എന്ന നിലയിൽ പി.ടിയുടെ മൊഴി കേസിന് ശക്തമായ പിടിവള്ളിയാവുമെന്നുറപ്പുള്ളതിനാൽ രാഷ്ട്രീയ, സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഉമാ തോമസ് വെളിപ്പെടുത്തി. മൊഴി നൽകരുതെന്നും, മൊഴി മാറ്റണമെന്നുമെല്ലാം പലരും ആവ​ശ്യപ്പെട്ടുവെങ്കിലും പി.ടി വഴങ്ങിയില്ല.

മൊഴികൊടുക്കാന്‍ പോയപ്പോള്‍ പിടിക്ക് കുറച്ച് ദുരനുഭവം ഉണ്ടായതായി ഉമാ തോമസ് ഓർക്കുന്നു. മൊഴി കൊടുക്കേണ്ട എന്ന ഒരു പക്ഷം ഉണ്ടായിരുന്നു. മൊഴി ശക്തമാകരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. പല ഇടപെടലുകളുമുണ്ടായി. പക്ഷേ, അതിന് പി.ടി. പറഞ്ഞ ഉത്തരം, ഞാന്‍ ഒന്നും കൂട്ടി പറയില്ല, പക്ഷേ, ഞാന്‍ ഒന്നുംകുറച്ച് പറയാനും തയ്യാറല്ല എന്നായിരുന്നു. പി.ടി. നിലപാടില്‍ ഉറച്ചുനിന്നു. ഇടപെടല്‍ നടത്തിയ പലരുമുണ്ട്. പി.ടി. ഒരിക്കലും ഒരാളുടെയും പേര് എടുത്തുപറഞ്ഞിട്ടില്ല. തെറ്റ്‌ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത് -ഉമാ തോമസ് പറഞ്ഞു.

കേസിന്റെ ഓരോ ഘട്ടത്തിലും സർക്കാറിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേൽ സമ്മർദ്ദവുമായും പി.ടിയുണ്ടായിരുന്നു. സിനിമാ, രാഷ്ട്രീയ ​മേഖലയിലെ പ്രബലരുടെ സമ്മർദങ്ങൾക്ക് വഴങ്ങി കേസ് അന്വേഷണം ദുർബലമാവുമ്പോഴും വഴി​തെറ്റുമ്പോഴും പി.ടി തോമസിലെ നീതിമാൻ തീയായി മാറും. രൂക്ഷമായ വിമർശനവും ഇടപെടലുമായി അദ്ദേഹം ​കേസിനെ സജീവമാക്കി.

സംഭവം നടന്ന് നാല് മാസത്തിനു പിന്നാലെ കേസിൽ ഗൂഢാലോചനയില്ലെന്ന് ​മുഖ്യമന്ത്രി പ്രസ്താവന നടത്തിയപ്പോൾ നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യവുമായി പി.ടിയെത്തി. മാധ്യമങ്ങൾക്കെതിരെ ആക്രോശിച്ചുകൊണ്ട് നടനെ ന്യായീകരിച്ച ജനപ്രതിനിധികളായ മുകേഷിനെയും ഗണേഷ്‍കുമാറിനെയും വിമർശിച്ചും മാപ്പ് ആവശ്യപ്പെട്ടു പി.ടി രംഗത്തെത്തി.

2021 ഡിസംബർ 22ന് 71ാം വയസ്സിൽ മരിക്കുന്നത് വരെ ആ പോരാളി നീതിക്കായി പോരാട്ടം തുടർന്നു. നാലു വർഷത്തിനിപ്പുറം മറ്റൊരു ഡിസംബറിൽ കേസിന്റെ വിധി വരുമ്പോൾ മറ്റൊരു ലോകത്തിരുന്ന് പി.ടി എല്ലാം കാണുന്നുണ്ടാവുമെന്ന വിശ്വാസത്തിലാണ് പ്രിയപ്പെട്ടവർ. 

Tags:    
News Summary - actress assault case: PT remembered on verdict day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.