കോഴിക്കോട് കോര്‍പറേഷൻ സർപ്രൈസ് സ്ഥാനാർഥി വി.എം വിനു വോട്ടര്‍ പട്ടികയിലില്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംവിധായകനുമായ വി.എം വിനുവിന്‍റെ പേര് വോട്ടർ വോട്ടില്ല. കല്ലായി ഡിവിഷനില്‍ വി.എം വിനു പ്രചാരണം തുടങ്ങിയിരുന്നു. പിന്നീടാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം ശ്രദ്ധയിൽ പെട്ടത്. പുതിയ പട്ടികയിലാണ് വി.എം വിനുവിന് പേരില്ലാത്തത്.

യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് സർപ്രൈസ് സ്ഥാനാർഥിയായാണ് കോൺഗ്രസ് വി.എം വിനുവിന്‍റെ പേര് പ്രഖ്യാപിച്ചത്. മുസ്‌ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി യു.ഡി.എഫ് തീരുമാനിച്ചിരുന്നത്. റോഡ് ഷോയോടെ ഗംഭീരമായാണ് ഇന്നലെ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനില്‍ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. ഇതിനിടെ താമസം മാറുകയും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ വോട്ടര്‍പട്ടികയില്‍ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വി.എം വിനുവിന്റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും പദവിയില്‍ ആഗ്രഹമില്ലെന്നും വി.എം വിനു പറഞ്ഞിരുന്നു.

കോർപറേഷനിലെ 49 സീറ്റുകളിൽ മത്സരിക്കുന്ന കോൺ​ഗ്രസ് രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിൽ ആയി 37 സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 12 ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും.

കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് പാറോപ്പടിയിൽ നിന്ന് ജനവിധി തേടും. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാഖ് കല്ല്യാട്ട് എരഞ്ഞിക്കലിൽ മത്സരിക്കും. നിലവിലെ കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ഇത് വരെയുള്ള സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ലീ​ഗ് 25 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ഇതിൽ 23 പേരെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇനി രണ്ട് പേരെ കൂടി പ്രഖ്യാപിക്കാനുണ്ട്.

Tags:    
News Summary - Kozhikode Corporation surprise candidate V.M. Vinu is not in the voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.