തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികൾ കൂടി മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം, കമ്മിറ്റിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവരാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തിയ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്ട്രേറ്ററും മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നു. കേസിലെ മൂന്നാം പ്രതിയും ഗൈനക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. ടെസി ജോസ്, നാലാം പ്രതിയും ശിശുരോഗ വിദഗ്ദനുമായ ഡോ. ഹൈദര്‍ അലി, അഞ്ചാം പ്രതിയും ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
നിലവില്‍ ഏഴു പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. വൈദികന്‍ റോബിന്‍ വടക്കഞ്ചേരി റിമാന്‍ഡിലാണ്. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണ സംഘം ഊര്‍ജിത തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഫാ. തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.