കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ പ്രഫ. എ.ടി. സുലേഖ, അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രഫസര്‍ അജീഷ് പി മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി.
അതിനിടെ, നഴ്‌സിങ് കോളജിലെ റാഗിങുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തിയില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂര റാഗിങ് അരങ്ങേറിയ ആൺകുട്ടികളുടെ ഹോസ്റ്റൽ സന്ദർശിച്ചു. പ്രിൻസിപ്പൽ അടക്കമുള്ളവരുമായി ചർച്ചയും നടത്തി.
അന്വേഷണം വേഗത്തിലാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. പ്രതികൾക്ക് സഹായം ചെയ്തവരുണ്ടാകാം. ഇവരിലേക്കും അന്വേഷണം എത്തണം. ഹോസ്റ്റലിൽ കഴിയുന്ന വിദ്യർഥികൾക്ക് സംരക്ഷണം നൽകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലുമെത്തി ഇവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശക്തമായ അന്വേഷണം നടത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.