കോട്ടയം: ഗവ. നഴ്സിങ് കോളജിലെ റാഗിങ് ക്രൂരത ഈ നാടറിഞ്ഞ് അമൽ കൃഷ്ണ ഉള്ളുലക്കുന്ന വേദനയോട് തന്റെ സങ്കടങ്ങൾ അമ്മയോട് പറഞ്ഞതോടുകൂടിയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അമ്മയെ വിളിച്ച് ആദ്യമായി ഈ ക്രൂരതകൾ പറഞ്ഞത്. ‘അച്ഛനും അമ്മയും എന്നെ ഇതുവരെ തല്ലിയിട്ടില്ല. പക്ഷേ, ഇവിടുത്തെ ചേട്ടന്മാർ എന്നെ തല്ലിക്കൊല്ലുകയാണമ്മേ...’. കോട്ടയം ഗാന്ധിനഗറിലെ ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിലിരുന്ന് ഫോണിലൂടെ അമലിന്റെ വാക്കുകൾ കണ്ണീർ കടലായി. കഴിഞ്ഞ മൂന്ന് മാസമായി ക്രൂര റാഗിങ്ങിനിരയായ, മരോട്ടിച്ചാൽ കുന്നുംപുറത്ത് ഉണ്ണിക്കൃഷ്ണന്റെയും അനിതയുടെയും മകൻ അമൽ കൃഷ്ണ (20) സഹിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറമായിരുന്നു പീഡനം.
ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് വേദന സഹിക്കാതായതോടെയാണ് അമൽ അമ്മയെ വിളിച്ചത്. ഉടൻ വിഡിയോകോളിലൂടെ തിരിച്ചുവിളിച്ച അനിത കണ്ടത് അമലിന്റെ അടികൊണ്ട് നീരുവന്ന മുഖം കണ്ടു. പിറ്റേന്നു രാവിലെത്തന്നെ കോളജ് അധികൃതരെ വിവരമറിയിച്ച് നടപടി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മർദനമേറ്റ മറ്റു കുട്ടികളും പരാതിയുമായി രംഗത്തെത്തി.
ബെൽറ്റുകൊണ്ട് അടിച്ചു. ഡിവൈഡർകൊണ്ട് പുറത്തുകുത്തി. മുട്ടുകുത്തിച്ച് നിർത്തി മർദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ ഉള്ളിൽനിന്ന് അടച്ചായി ക്രൂര മർദനം. രാത്രി മുഴുവൻ ഉറങ്ങാതിരിക്കാൻ മുട്ടുകുത്തിച്ചു നിർത്തി. സിനിമയിലെ റാഗിങ് രീതികളും ചെയ്യിച്ചു.
ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തി. ഇതിനിടെ, റാഗിങ്ങ് സംഭവത്തിൽ നാല് വിദ്യാർഥികൾ കൂടി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
ഇതുവരെ ഒരു പരാതി മാത്രമാണ് ലഭിച്ചിരുന്നത്. അതിനിടെ സംഭവത്തിൽ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടരുകയാണ്. ജോയന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞദിവസം ഡി.വൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളജിലെത്തിയിരുന്നു. പരാതിയിലുൾപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് പ്രതികൾ മാത്രമാണുള്ളത്. കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുറത്തുവന്ന പീഡന ദൃശ്യങ്ങളുടെ പരിശോധനക്ക് സൈബർസെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് പൊലീസ്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കോട്ടയം: ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പലും വിശദീകരണം നൽകണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.