കോട്ടപ്പടി ചുളിക്ക എസ്റ്റേറ്റ്: തോട്ടം ഭൂമി തരം മാറ്റുന്നതിനെതിരെ പരാതി

കോഴിക്കോട് :കോട്ടപ്പടി ചുളിക്ക എസ്റ്റേറ്റിൽ ഭൂമി തരം മാറ്റുന്നതിനെതിരെ പരാതി. വൈത്തിരി താലൂക്കില്‍ കോട്ടപ്പടി വില്ലേജിലെ ബോചെ ഭൂമി പുത്ര പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ (പഴയ എ.വി.ടി) പേരിലുള്ള തോട്ട ഭൂമി തരം മാറ്റുന്നതിനെതിരെയാണ് ഈ മാസം നാലിന് തൊഴിലാളി യൂനിയൻ  പരാതി നൽകിയത്. 1947 ന് മുമ്പ് ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന തോട്ടം ഭൂമിക്കുമേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കണമെന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കെയാണ് ഭൂമി കൈമാറ്റം നടന്നത്.

ഹാരിസൺസ് മലയാളം ചെറുവള്ളി എസ്റ്റേറ്റ് കൈമാറ്റം ചെയ്തത് പോലെ കോട്ടപ്പടി വല്ലേജിലെ ചുളിക്ക എസ്റ്റേറ്റിന്റെ ഭൂമി കൈമാറ്റം നടത്തിയത്. വില്ലേജ് രേഖകൾ പ്രകാരം 345 ഹെക്ടർ ഭൂമിയാണ് ബോച്ചോ കമ്പനി രജിസറ്റർ ചെയ്തത്. റീസർവേ 21/26, 16/18, 18/19 സർവേ നമ്പരിലെ ഭൂമിക്ക് കോട്ടപ്പടി വില്ലേജ് ഓഫിസ് ഭൂ നികുതി സ്വീകരിക്കുകയും ചെയ്തു. വയനാട് കലക്ടർ വിദേശ തോട്ടം ഭൂമി കൈവശം വെച്ചിരിക്കുന്വർക്കെതിരെ സിവിൽ കോടതിയിൽ കേസ് നൽകാത്തതാണ് കൈമാറ്റം നടത്താൻ കഴിഞ്ഞതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. മന്ത്രി കെ. രാജൻ കലക്ടർമാരുടെ യോഗത്തിൽ എത്രയും വേഗം സിവിൽ കോടതിയിൽ കേസ് നൽകണമെന്ന് നിർദേശം നൽകിയിട്ടും വയനാട് കലക്ടർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.


തോട്ടം ഭൂമി തരം മാറ്റരുതെന്ന് നിയമം നിലനിൽക്കെയാണ് അനുമതി ഇല്ലാതെ എസ്റ്റേറ്റിലെ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ തേയില ചെടികള്‍ പിഴുതു മാറ്റിയത്. ഇത് തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. അതേസമയം മോപ്പാടിയിൽ 1000 ഏക്കറിൽ റിസോർട്ടും വിനോദ പാർക്കുമാണ് നിർമിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു. കോൺക്രീറ്റ് നിർമിതിയല്ല. മണ്ണും തടിയും കൊണ്ടുള്ള വീടുകളാണ് നിർമിക്കുന്നത്. 1000 പശുക്കളെ വളർത്തും. അതിന്റെ പാലും പാൽ ഉൽപ്പന്നങ്ങളും വിതരണം നടത്തും.

ആയൂർവേദ കേന്ദ്രവും നിർമിക്കും. ചെറിയ വിമാനങ്ങൾ ഇറങ്ങാൻ എയർ പോർട്ട് നിർമിക്കും. ഒന്നര കിലോമീറ്റർ റൺവേ ഇവിടെ സാധ്യമാണ്. വദ്യാർഥികൾക്കായി അഗ്രി ടൂറിസം പദ്ധതിയും നടപ്പാക്കും. ടൂറിസം പഠിക്കാനും ടൂറിസത്തിൽ ഏർപ്പെടാനും സൗകര്യം ഒരുക്കും. മനോഹരമായ തടാകം ഇവിടെയുണ്ട്. യൂറോപ്പ് പോലെ മനോഹരമായ സ്ഥലമാണ്. എക്കോ ടൂറിസമാണ് ഒരുക്കുന്നത്. 3000 കോടിയുടെ പദ്ധതിയാണ്. 40 ശതമാനം പ്രൈവറ്റ് മുതൽമുടക്കായിരിക്കുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.

സർക്കാരിന്റെ സിങ്കിൾ വിന്റോ സംവിധാനം വലിയ പ്രതീക്ഷ നൽകുന്നു.  പദ്ധതികൾക്ക് അനുമതിക്കായി ആറ്, ഏഴ് വർഷം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. തുറക്കുന്നതിന് മുമ്പ് പൂട്ടുന്ന പദ്ധതികളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. സിങിൾവിന്റോ സംവിധാനത്തിലൂടെ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് ബോബി പറയുന്നത്. അതേസമയം, എം.ജി രാജമാണിക്യം റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ മൂന്നര ലക്ഷം ഏക്കർ തോട്ടം ഭൂമിക്കുമേൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് മേപ്പാടിയിലെ കേസ് തിരിച്ചടിയാവുമെന്നും നിയമവിദഗ്ധൻ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Kottapady Chullika Estate: Complaint against conversion of plantation land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.