കൂറ്റനാട് (പാലക്കാട്): പ്രശസ്ത കഥകളി ആചാര്യന് കോട്ടക്കൽ ഗോപി നായര്‍ (97) വിടവാങ്ങി. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ആദ്യകാലത്ത് സ്ത്രീവേഷങ്ങളിലും പിന്നീട് ബ്രാഹ്മണൻ, കുചേലൻ, പരശുരാമൻ തുടങ്ങിയ ബഹുമുഖ വേഷങ്ങളിലും നിറഞ്ഞുനിന്ന ഇദ്ദേഹം അരങ്ങിൽ പകരക്കാരനില്ലാത്ത വിധം ശ്രദ്ധേയനായിരുന്നു. കൂറ്റനാടിനടുത്ത് വാവന്നൂരിലെ മങ്ങാട്ട് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കുഞ്ഞുകുട്ടിയമ്മയുടെയും 12ാമത്തെ മകനായി 1926 ആഗസ്റ്റ് 24 നായിരുന്നു ജനനം. 1940ൽ പൂമുള്ളി മനയിൽ കൃഷ്ണവേഷത്തിൽ അരങ്ങേറ്റം നടന്നു. 1945 മുതൽ എട്ടുവർഷം കോട്ടക്കൽ പി.എസ്.വി നാട്യസംഘത്തിൽ വാഴേങ്കട കുഞ്ചുനായരാശാന്റെ കീഴിൽ കഥകളി അഭ്യസിച്ചു. നാല് പതിറ്റാണ്ട് കാലം പി.എസ്.വി നാട്യസംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം 1986ൽ വിരമിക്കേണ്ടതായിരുന്നെങ്കിലും അവിടെതന്നെ തുടരാൻ സംഘം ഭാരവാഹികൾ നിർദേശിക്കുകയായിരുന്നു.
കോട്ടക്കൽ വിശ്വംഭര ക്ഷേത്രം, കോട്ടക്കൽ ആര്യവൈദ്യശാല, പല്ലശ്ശന ഭഗവതി ക്ഷേത്രം, വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ്, പട്ടിക്കാംതൊടി സ്മാരക ട്രസ്റ്റ്, ആനമങ്ങാട് കഥകളി ക്ലബ്, വെണ്മണി അനുസ്മരണ സമിതി, കോട്ടക്കൽ ശിവരാമൻ അനുസ്മരണ സമിതി തുടങ്ങിയിടങ്ങളിൽനിന്ന് അവാർഡിന് അർഹനായ അദ്ദേഹത്തെ കേരള കലാമണ്ഡലവും പുരസ്കാരം നൽകി ആദരിച്ചു. കലാമണ്ഡലം ഏർപ്പെടുത്തിയ പ്രഥമ കലാമണ്ഡലം പദ്മനാഭൻ നായർ ആശാൻ സ്മാരക പുരസ്കാര ജേതാവാണ്.
ഭാര്യ: രാധ (കൂറ്റനാട്). മക്കള്‍: സതീശന്, രമണി, അശോകന്, സുധാകരന്. മരുമക്കള്‍: ജ്യോത്സ്ന, ദീപ, സുപ്രിയ, ഗോവിന്ദന്‍കുട്ടി. വാവന്നൂരിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ കലാ-സാംസ്കാരിക രംഗത്തുള്ളവരടക്കം നിരവധി പേർ അന്തിമോചാരമർപ്പിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.