കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൽ വിചാരണക്കിടെ അഭിഭാഷകൻ കൂറുമാറി. സി.പി.എം അഭിഭാഷക സംഘടന ജില്ല കമ്മിറ്റി അംഗമായ സി. വിജയകുമാർ പ്രതിഭാഗത്തേക്ക് കൂറുമാറിയതായി കൂടത്തായി റോയ് തോമസ് കൊലപാതക കേസിലെ വിചാരണക്കിടെ പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ പ്രഖ്യാപിക്കുകയായിരുന്നു.
കേസിലെ 156ാം സാക്ഷിയായ വിജയകുമാർ വിസ്താരവേളയിൽ, അസ്സൽ വിൽപത്രം താൻ കണ്ടതായാണ് മൊഴി നൽകിയത്. വിൽപത്രത്തിന്റെ അസ്സൽ ജോളി കാണിച്ചുതന്നുവെന്നാണ് മൊഴി. എന്നാൽ, അത്തരത്തിൽ വിൽപത്രം ഇല്ലെന്നാണ് പ്രോസിക്യൂഷൻ വാദം. വിൽപത്രം താൻ കണ്ടെന്ന പുതിയ മൊഴി നേരത്തെ പൊലീസിന് നൽകിയ മൊഴിക്ക് വിരുദ്ധമായിരുന്നു. തുടർന്നാണ് വിജയകുമാർ കൂറുമാറിയതായി പ്രഖ്യാപിച്ചത്.
എന്നാൽ, വിൽപത്രത്തിന്റെ അസ്സൽ താൻ വിശദമായി പരിശോധിച്ചിട്ടില്ലെന്നും നോട്ടറി രജിസ്റ്ററിൽ ടോം തോമസിന്റെ ഒപ്പിട്ട ആൾ അദ്ദേഹം തന്നെയാണോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും വിജയകുമാർ പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തിൽ സമ്മതിച്ചു. ജോളിയും മറ്റ് രണ്ടുപേരും തന്റെ ഓഫിസിൽ വന്നുവെന്നും നാലാം പ്രതി മനോജ് കുമാറാണ് ഫോണിൽ വിളിച്ചു ജോളി വരുന്നുണ്ടെന്ന് അറിയിച്ചതെന്നും ഒരു രേഖ അറ്റസ്റ്റ് ചെയ്യാനാണ് അവർ വന്നതെന്നും വിജയകുമാർ മൊഴിനൽകി. കൂടത്തായി കേസുമായി ബന്ധപ്പെട്ട് തന്റെ നോട്ടറി രജിസ്റ്ററും ഫീസ് രജിസ്റ്ററും പൊലീസിന് ഹാജരാക്കി കൊടുത്തതായി വിജയകുമാർ മൊഴി നൽകി. എന്നാൽ, പൊലീസ് തന്നെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം മൊഴി നൽകിയത്. മജിസ്ട്രേറ്റ് മുമ്പാകെ താൻ മൊഴി നൽകിയപ്പോൾ വിൽപത്രം കണ്ടതായി പറഞ്ഞുവോ എന്ന കാര്യം ഓർമയില്ലെന്നും വിജയകുമാർ മൊഴി നൽകി. എന്നാൽ, പത്രം വ്യാജമാണെന്ന് തനിക്ക് പിന്നീട് മനസ്സിലായതായി വിജയകുമാർ പറഞ്ഞു. മൂന്ന് തവണ ജോളി തന്റെ ഓഫിസിൽ വന്നതായി വിജയകുമാർ സമ്മതിച്ചു.
വിൽപത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയിൽ കാണുന്ന പേരും വിലാസവും തന്റേതാണെങ്കിലും അത് എഴുതിയതും അതിനു നേരെ ഒപ്പിട്ടതും താൻ അല്ലെന്ന് 152ാം സാക്ഷി മഹേഷ് കുമാർ കോടതി മുമ്പാകെ മൊഴി നൽകി. തന്റെ ഒപ്പ് വ്യാജമായി ഇട്ടത് നാലാംപ്രതി മനോജ് കുമാറാണെന്ന് തനിക്ക് ബോധ്യമായതായി മഹേഷ് കുമാർ മൊഴി നൽകി. ഇക്കാര്യം മനോജ് കുമാർതന്നെ പറഞ്ഞതായും സി.പി.എം നേതാവും പഞ്ചായത്ത് മെംബറും ആയതിനാൽ താൻ അത്ര കാര്യമാക്കിയില്ലെന്നും പിന്നീടാണ് വ്യാജ വിൽപത്രത്തിലാണ് തന്റെ വ്യാജ ഒപ്പിട്ടതെന്ന് മനസ്സിലായതെന്നും സാക്ഷി പറഞ്ഞു. വിജയകുമാർ തന്റെ നോട്ടറി രജിസ്റ്റർ പൊലീസ് മുമ്പാകെ ഹാജരാക്കുന്നത് താൻ കണ്ടതായി 157ാം സാക്ഷി ഷിഖിൽ മൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.