കൊല്ലത്ത്​ സ്വകാര്യബസും കെ.എസ്​.ആർ.ടി.സിയും കൂട്ടിയിടിച്ച്​ മൂന്നു​ മരണം

കൊട്ടാരക്കര: എം.സി റോഡില്‍ വാളകം കമ്പംകോട്ട് വഞ്ചിമുക്കില്‍ സൂപ്പര്‍ ഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമായതുകൊണ്ട് മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെരുമ്പാവൂര്‍ സ്വദേശിനി രമ്യയെ (27) മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഗോകുലത്തിലും അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും തിരിച്ചറിയാന്‍ കഴിയാതെ ഓരോ മൃതദേഹമുണ്ട്.

ഇളമണ്ണൂര്‍ മുകളില്‍ കിഴക്കതില്‍ മഹേഷ് (26), പന്തളം ശ്രീനിധിയില്‍ നിഷ ചന്ദ്രന്‍ (32) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂവാറ്റുപുഴ കാമശ്ശേരിയില്‍ അജീഷ (24), അടൂര്‍ മണക്കാല ശാലോംഭവനില്‍ ബിനി ബാബു (24), പത്തനംതിട്ട വൈഷ്ണവത്തില്‍ വിഷ്ണു (28), അടൂര്‍ കുറ്റിക്കാട്ടില്‍ നിതിന്‍ (28), എന്നിവര്‍ കൊട്ടാരക്കരയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. അഞ്ജു(18), അജ്ഞലി (30), ജനിറ്റ (26), അംബിക (45), ചിപ്പി (26), സൂര്യ (25), സതി (42), പുഷ്പ (46), ജയിംസ് ഡേവിഡ് (42) എന്നിവര്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ കോതമംഗലം കൊല്ലശ്ശേരി നീതു (28), മൂവാറ്റുപുഴ പണലുകുടിയില്‍ അരുണ്‍ (26), കോട്ടയം ചിറകുഴിയില്‍ അഞ്ജു (26), ഏനാത്ത് ഗോപുഭവനില്‍ രാധാകൃഷ്ണന്‍ (35) എന്നിവരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച വൈകീട്ട് 7.10 ഓടെയായിരുന്നു അപകടം.

അങ്കമാലിയിലേക്ക് പോയ കെ.ആസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ആറ്റിങ്ങലിലേക്ക് പോയ ജനത എന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. സൂപ്പര്‍ ഫാസ്റ്റ് വെള്ളിയാഴ്ചകളില്‍ ടെക്നോപാര്‍ക്കില്‍നിന്നാണ് സര്‍വിസ് നടത്തുന്നത്. അപകടത്തില്‍പെട്ടതില്‍ ഇവിടത്തെ ജീവനക്കാരാണ് ഏറെയും.
നാട്ടുകാരാണ് ബസ് വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ബൈക്കുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് അറിയുന്നത്.

 

Tags:    
News Summary - kollam accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.